Wednesday, November 11, 2015

NECK-TIE (ഹ്രസ്വ ചിത്രം)

ഒരുനാള്‍, അയാള്‍ നടന്നിറങ്ങുക തന്നെയുണ്ടായി...
 പദവികളുടെയും...
 ഔപചാരികതകളുടെയും......
 മനസ്സില്‍ നിറയാത്ത ചിരികളുടെയുമൊക്കെ ലോകത്ത് നിന്ന് അയാള്‍ നടന്നിറങ്ങി....

ഒരുപക്ഷെ, അതിനും വളരെ മുമ്പേ തന്നെ സ്ഥാപനങ്ങള്‍ മീന്‍പിടുത്തക്കാരാണെന്നും, അവരുടെ ചൂണ്ടകള്‍ക്ക് ചുറ്റും മാത്സര്യത്തിന്‍റെ വിഷവും പേറി വിറയ്ക്കുന്നവരില്‍ ഒരാള്‍, താന്‍ തന്നെയാണെന്നും അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം...


ആരോ നെയ്തെടുത്ത സ്ഥാനോന്നതികളുടെ സ്വപ്നങ്ങള്‍, മനുഷ്യയന്ത്രങ്ങളെയും കാത്തു ചൂണ്ടകളില്‍ ഇരകളായി പതിയിരുന്നു.... ചൂണ്ടകള്‍ക്ക് ചുറ്റും മനുഷ്യര്‍ , തങ്ങളുടെ നിറങ്ങളെ മറന്നു; നന്മകളെയും...അവരുടെ കണ്ണുകളില്‍ നിര്‍ജീവത പടര്‍ന്നുകയറി...ആരോ അടിച്ചേല്‍പ്പിച്ച ഒരേ നിറമുള്ള സ്വപ്നങ്ങള്‍ക്കു വേണ്ടി അവര്‍ വാളുകളുയര്‍ത്തി...ചോര കിനിഞ്ഞു; ചോര കുടിച്ചു സ്ഥാപനങ്ങള്‍ വളര്‍ന്നു , പടര്‍ന്നു..

അയാള്‍ക്ക്‌ മടുത്തിരുന്നു; നടന്നിറങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അയാള്‍‍ക്കാവുമായിരുന്നില്ല... നിര്‍ജീവിതതയില്‍ നിന്നും ജീവസ്പന്ദങ്ങളുടെ ഈണങ്ങളിലേക്ക്...

കാലത്തിന്‍റെ കോണുകളില്‍ അയാള്‍ മറന്നുവെച്ച, അയാളുടെതു മാത്രമായ സ്വപ്നങ്ങളിലേക്ക്...
 ഇഷ്ടങ്ങളിലേക്ക്...
 ഒക്കെ, അയാള്‍ക്ക് നടക്കേണ്ടിയിരുന്നു...

അയാള്‍ക്ക് അയാളിലേക്ക് തന്നെ നടക്കേണ്ടിയിരുന്നു...

No comments: