Wednesday, December 17, 2014

വിശുദ്ധം

കലാഷ്നിക്കൊവിന്‍റെ
വിശുദ്ധയുദ്ധത്തില്‍
ബാല്യത്തിന്‍റെ നാമ്പുകള്‍
കണ്ണുതുറിച്ചു പിടഞ്ഞു...


അടര്‍ന്നുപോയൊരു ,
പുസ്തകത്താളില്‍,
അറിവിന്‍റെ നീലമഷിക്കുമേല്‍
ദൈവം,
മരണത്തിന്‍റെ ചുവപ്പു കോരിയൊഴിച്ചു....

പാഠശാല,
പടക്കശാലയാക്കിയവരാകട്ടെ
വിശുദ്ധ പുസ്തകത്തിലേറി,
സ്വര്‍ഗത്തിലെ
അധ്യാപകരായി...

#പെഷവാറില്‍ പിടഞ്ഞുമരിച്ച ബാല്യങ്ങള്‍ക്ക്‌.... 

Saturday, November 08, 2014

വിഷാദത്തെ പ്രണയിക്കുന്ന ഒരാള്‍...


നീലിച്ചിരുണ്ട കാര്‍മേഘങ്ങള്‍
മൂടിക്കെട്ടിയ നിമിഷങ്ങളാണ്
വിഷാദത്തിന്‍റെ
നാള്‍വഴികളിലൊക്കെയും...
പക്ഷെ...
ഒരു നാള്‍ വരാറുണ്ട്..
പൂവിന്‍റെ
അവസാനത്തെ മഞ്ഞിന്‍കണത്തെയും
വീണ്ടും തിരിച്ചറിയാനാവുന്ന,
ഒരുനാള്‍..

അനന്തതയുടെ ആഴങ്ങള്‍
വീണ്ടും അളക്കുവാന്‍ വെമ്പുന്ന
ഒരുനാള്‍....

നെഞ്ചിന്‍കൂടു തകര്‍ത്ത് ഹൃദയം
വീണ്ടും മിടിക്കുവാന്‍ മടിക്കാത്ത
ഒരു നാള്‍....
വ്യാഴവട്ടത്തില്‍ മാത്രം,
വന്നെത്തുന്ന

ഒരുനാളിനു
വേണ്ടി മാത്രമാവാം
അയാള്‍ വിഷാദത്തെ പ്രണയിക്കുന്നത്‌..

Wednesday, May 21, 2014

മുറുക്കാന്‍പെട്ടി

മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
മനസ്സില്‍ മങ്ങിത്തുടങ്ങിയ
ചായാചിത്രങ്ങളിലെ
വല്ല്യമ്മച്ചിയുടെ മണമാണ്....

അമ്മ പറയാറുണ്ട്‌,
പണ്ട്...
മുറുക്കാന്‍ പെട്ടിയില്‍,
ചുണ്ണാമ്പും,
വെറ്റയും,
പാക്കും,
പാക്കുവെട്ടിയുമൊക്കെയുള്ളയൊരു
കാലത്ത്....
ഒരരഞ്ഞാണം മാത്രമണിഞ്ഞു,
മണ്ണിന്‍റെ മണമറിഞ്ഞു കരഞ്ഞപ്പോള്‍,
വല്ല്യമ്മച്ചിയുടെ
മുറുക്കാന്‍ചുണ്ടുകളുടെ മണം
കരഞ്ഞുനിറഞ്ഞയെന്‍റെ,
കവിളുകള്‍ അറിഞ്ഞതാണെന്നു...
ഓര്‍മ്മയില്ല...!!!

ഇന്ന്..
ചുണ്ണാമ്പില്ല....
വെറ്റയില്ല...
പാക്കുമില്ല....
പാക്കുവെട്ടിയുമില്ല....
എങ്കിലും,
മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
പുകയൂതി കരുവാളിച്ച,
വിയര്‍ത്തു ക്ഷീണിച്ച,
എന്‍റെ വല്ല്യമ്മച്ചിയുടെ മണമാണ്.....

ഇപ്പോഴും,
അമ്മ പറയാറുണ്ട്‌,
നിനക്കിന്നും
വല്ല്യമ്മച്ചിയുടെ മണമാണെന്ന്...

അമ്മക്കറിയില്ലല്ലോ,
മകനിന്നും,
ആരുമറിയാതെ,
മുറുക്കാന്‍പെട്ടി,
മണക്കുന്നുണ്ടെന്ന്...

Saturday, May 17, 2014

ചത്ത കുഞ്ഞിന്‍റെ ജാതകം...

ശ്രീരാമനും....
അല്ലാഹുവും...
ഈശോയും...
ഒന്നുമല്ല
പോട്ടെ, 
ഒന്നാണ്....

ഈ തിരിച്ചറിവാവണം,
മതേതരത്വത്തിന്‍റെ അടിസ്ഥാനം...

ഇല്ലെങ്കില്‍,വീണ്ടും
മതം പറഞ്ഞു..
മതം പറഞ്ഞു..
മതേതരത്വത്തെ,
നമ്മള്‍ ബലാല്‍ക്കാരം ചെയ്യും...
നാല്‍ക്കവലകളില്‍ കയ്യടികളും,
ബൂത്തുകളില്‍ വോട്ടുകളും നേടും...

ഒടുവില്‍,
മതേതരത്വം,
അകാലത്തില്‍,
അപകടമരണപ്പെടുമ്പോള്‍,
റീത്തുവെച്ചു കരഞ്ഞിട്ടു കാര്യമില്ല...

Sunday, May 11, 2014

അമ്മ


അമ്മ ...
എന്നിലെ ഓരോ ഇഞ്ചിലും കോണിലും..
എന്നിലെ ഓരോ നീണ്ട നിശ്വാസങ്ങളിലും...
എന്നും...
എന്നേക്കും...

അമ്മ..
എനിക്ക്....
ആഗോളവല്‍ക്കരിച്ചു,
പായ്ക്കറ്റിലാക്കിയ ഒരു കുപ്പിവെള്ളമല്ല....
ഒരു ദിവസം 
മാത്രം കുടിച്ചു കാലിയാക്കാന്‍....

വാര്‍ദ്ധക്യം...


കാലം മറന്നു പോയവര്‍...
അവര്‍ പലരുമിനിയും 
കാലത്തെ മറക്കാന്‍,
മറന്നുപോയിരിക്കുന്നു...!!!..
ചുക്കിചുളിഞ്ഞ ജീവിതങ്ങള്‍,
ഓര്‍മകളുടെ ഭാണ്ഡങ്ങള്‍
ചുമന്നു,
ചുമച്ചു,
വേദനിച്ചുരുളുന്നു ....!!!

അവര്‍..
അല്‍ഷിമേഴ്സ് മറന്നുപോയവര്‍...
അവരുടെ,
ഓര്‍മ്മകളെ മായ്ക്കാന്‍,
കാലം പണ്ടേ മറന്നിരുന്നു...!!!..
അവര്‍ ..
കാലം മറന്നുപോയവര്‍......