Saturday, December 30, 2017

ക്രിസ്തുമസ്

തുരുമ്പിച്ച ജനല്‍ക്കമ്പികളും, ചിലന്തിവലകള്‍ നിറഞ്ഞ ഇടനാഴികളും ഉള്ള സര്‍ക്കാരാശുപത്രിയിലാണ് അവനെ ആദ്യമായി കാണുന്നത്..
വേച്ചു വേച്ചു നടക്കുകയായിരുന്നു ....കയ്യില്‍ യൂറിന്‍ ബാഗും പിടിച്ചു, മറ്റേ കൈ ചുമരില്‍ താങ്ങി വാഷ്ബേസിനില്‍ നിന്നും കട്ടിലിലേക്കുള്ള ദൂരത്തിലായിരുന്നു അവന്‍.

നേരെ നടക്കാനാവുന്നവന്‍റെ അഹങ്കാരത്തോടെയാവണം ഞാന്‍ അവനായി കൈ നീട്ടിയത്..
"വേണ്ട , ചേട്ടായി..!..
ഒറ്റയ്ക്ക് നടന്നില്ലെങ്കില്‍ പിന്നെ നടക്കാന്‍ എനിക്കാവില്ല..", ചുമരില്‍ ചാരിനിന്നു ഒരു ദീര്‍ഘനിശ്വാസമെടുത്തുകൊണ്ട് അവന്‍ പറഞ്ഞു.

മെലിഞ്ഞ ശരീരവും മുഖവും...താടിയില്‍ അങ്ങിങ്ങായി വര കീറിയ  നര.. ക്ഷീണിച്ചു കരിനീലിച്ച കണ്ണുകള്‍..
മനസ്സിലേക്ക് ആദ്യം വന്നതു വേദനകളുടെ കുരിശും താങ്ങി, കാലങ്ങള്‍ക്കു മുമ്പേ ഗാഗുല്‍ത്തായിലൂടെ നടന്നു പോയ ആ ഇടറിയ മനുഷ്യന്‍റെ രൂപമായിരുന്നു....

വാര്‍ഡില്‍ ഒരരികു ചേര്‍ന്നായിരുന്നു അവന്‍റെ കട്ടില്‍..ചുറ്റും വേദനിക്കുന്ന പല മനുഷ്യര്‍..വേദനയുടെ അളവുകോലുകള്‍ ഒക്കെ താണ്ടി, ഒരു നിശ്വാസത്തിനു വേണ്ടി വിങ്ങുന്ന നെഞ്ചിന്‍  കൂടുമായി മറ്റുചിലര്‍..
അഞ്ചു വര്‍ഷമായിരിക്കുന്നു Multiple Sclerosis എന്ന രോഗാതുരതയിലേക്ക് അവന്‍റെ  ജീവിതം ചുരുങ്ങിയിട്ട്...മസ്തിഷ്കത്തിനു ശരീരത്തിനു മേലുള്ള നിയന്ത്രണം അല്പാല്പമായി വിട്ടുപോകുന്ന അവസ്ഥ..വഴിയിലെവിടെയോ ഏതോ ഡോക്ടര്‍ അവനു വിധിച്ചത്  ഒരു വര്‍ഷത്തെ  ആയുസ്സ് മാത്രമായിരുന്നു...
പക്ഷെ ആറു വര്‍ഷങ്ങള്‍ക്കു ശേഷവും, ചുമലിലേല്പിക്കപെട്ട ആ കുരിശുമായി അവനിന്നും യാത്ര തുടരുന്നു...

 അവസാനം കണ്ടു പിരിയുമ്പോള്‍ അവന്‍ പറഞ്ഞു..
"എന്‍റെ ചേട്ടായി,എത്രെയോ മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നു..
എത്രെയോ പേര്‍ അലക്ഷ്യമായി ജീവിതം വലിച്ചെറിയുന്നു..
എന്നോട് മാത്രം എന്തെ ദൈവം ഇങ്ങനെ..."

പെട്ടെന്ന് മനസ്സിലേക്ക് വന്നത് രണ്ടായിരം വര്‍ഷം മുന്‍പ് കേട്ട ആ ഇടറിയ മനുഷ്യന്‍റെ വാക്കുകളാണ്..
"ഏലി ഏലി ലമാ സബക്താനി?..
എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്നെ കൈവിട്ടതെന്തിനു..?"

സനീഷ്, ക്രിസ്തുവാകുകയായിരുന്നു..
തുരുമ്പിച്ച പങ്കയ്ക്കു കീഴിലുള്ള ഞരങ്ങുന്ന കട്ടിലായിരുന്നു, അവന്‍റെ ബെത്ലെഹേം..

ക്രിസ്തുമസ് താരകങ്ങള്‍ക്കും, മിന്നിമറയുന്ന എല്‍ ഈ ഡി വിളക്കുകള്‍ക്കും ഒക്കെ അപ്പുറത്ത്, മനുഷ്യനു ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയിലുള്ള ആ നേരിയ നൂല്‍പ്പാലത്തിലൂടെ നടക്കേണ്ടതായുണ്ട്....
അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ..
അപ്പോഴായിരിക്കും ഒരുപക്ഷെ, അവന്‍ ക്രിസ്തുവാവുക....
അല്ലെങ്കില്‍ ബുദ്ധനാവുക..

അതുകൊണ്ടുതന്നെ, ബെത്ലെഹേം ഒരു സ്ഥലമാവുന്നില്ല..
വേദന പേറുന്ന കട്ടിലുകളും, ചോര വീണ നിരത്തുകളും നിറഞ്ഞ ഈ ഭൂമി തന്നെയാണ്..

ക്രിസ്മസ് ഒരു ദിവസവുമല്ല...
അനന്തതയില്‍ നിന്നും അനന്തയിലേക്ക് കാലത്തിലൂടെ നീളുന്ന ഒരു തുടര്‍ച്ചയാണ്...





Saturday, December 09, 2017

ചരാചര്‍

ലഖന്‍, അതാണ്‌ അവന്‍റെ പേര്..
പക്ഷിപിടുത്തക്കാരന്‍..
ബുദ്ധദേവ് ദാസ്ഗുപ്തയുടെ 'ചരാചര്‍' എന്ന സിനിമയില്‍ നിന്നാണ്.

ഏക മകന്‍ മരിച്ചുപോയതില്‍ പിന്നെയാണ്, പിടിക്കുന്ന ഓരോ പക്ഷിയിലും  മരിച്ചു പോയ മകന്‍റെ മുഖം അവന്‍ കണ്ടു തുടങ്ങുന്നത്..
പിന്നെ , അവനു പക്ഷികളെ വില്‍ക്കാനാവുന്നില്ല..
ഭാര്യ കാണാതെ , പിടിച്ച പക്ഷികളെ ഓരോന്നായി അയാള്‍ കൂടുകള്‍ തുറന്നു വിടുന്നു ..
അവര്‍ ചിറകിട്ടടിച്ചു പറന്നുപോവുമ്പോള്‍ , അവയെ നോക്കി അയാള്‍ ചിരിച്ചു കൊണ്ടു നിന്നു..

പ്രായോഗികതയുടെയും , സ്വാര്‍ഥതയുടെയും ലോകത്തു അയാള്‍ ഒരു പരാജയമാവുകയായിരുന്നു..
സ്വയം നഷ്ടങ്ങള്‍ ഏറ്റുവാങ്ങി കാലചക്രങ്ങളിലൂടെ കടന്നു പോയ മനുഷ്യര്‍ എല്ലാം അങ്ങനെ തന്നെയായിരുന്നല്ലോ..
പരാജിതര്‍...!

ഒരിക്കല്‍, അവനെന്ന കൂട്ടില്‍ നിന്നും, വേറൊരു ആകാശവും തേടി സ്വന്തം പ്രിയതമയും  പറന്നു പോകുന്നു..എങ്കിലും , പോകുന്നതിനു മുമ്പ് അവള്‍ ചോദിച്ചു, നീയെങ്ങനെ ജീവിക്കുമെന്ന് ...
അപ്പോള്‍ ആകാശത്തേക്ക് നോക്കി അവന്‍ പറയുന്നുണ്ട്,
" നോക്കൂ,
ഈ ഭൂമിയുണ്ട്, ഈ ആകാശമുണ്ട് ...
കാടുണ്ട്‌; പക്ഷികളുണ്ട്....
പിന്നെ എന്‍റെ ഈ ഒരൊറ്റ ജീവിതം ;
അതങ്ങു കടന്നുപോവും...
Just one life. 
It will pass."

And she flown away.

ആദ്യമൊക്കെ, ഏകാന്തതകളില്‍ അവനല്പം പതറുന്നുണ്ട്..
പിന്നീട്,  അവന്‍റെ കുഞ്ഞു കുടിലിന്‍റെ ഏകാന്തതകളിലേക്ക്  കാട്ടിലെ കിളികളൊക്കെ പറന്നെത്തുന്നു..
അവര്‍ അവനില്‍ കൂടൊരുക്കി..
ഒരു വൃക്ഷമാവുകയായിരുന്നു, അവന്‍..
ചരമായതും അചരമായതും  കൊണ്ടു നിറഞ്ഞ ഈ വലിയ പ്രപഞ്ചത്തിലെ, പുഷ്പിക്കുന്ന ഹൃദയമുള്ള ഒരു വൃക്ഷം....

നനവ്‌ പടര്‍ത്തുന്ന, കവിത നിറഞ്ഞ നിമിഷങ്ങള്‍..
അതായിരുന്നു, 'ചരാചര്‍' എന്ന സിനിമയുടെ ഫ്രെമുകളൊക്കെയും..!!!
ക്ഷണികതകളുടെ ഈ ജീവിതത്തില്‍, നഷ്ടങ്ങളും പേറി നടക്കുന്നവരുടെ ഉള്ളിലോക്കെയും ഓരോരോ വൃക്ഷം വളരുന്നുണ്ടാവാം...
അവരിലേക്ക്‌ ചേക്കേറാന്‍ എവിടെനിന്നോ പ്രതീക്ഷയുടെ കുഞ്ഞുകിളികള്‍ പറന്നുവരുന്നുമുണ്ടാവും..









Monday, November 27, 2017

മാലാഖക്കുഞ്ഞുങ്ങള്‍

അരുണ്‍ ഷൂരിയുടെ ഒരു പുസ്തകമുണ്ട്..
"Does he knows a mother's heart ? ".. എന്നാണ് പേര്..
അമ്മയുടെ ഹൃദയം അറിയുമോയെന്നാണ്..
ദൈവത്തോടാണ് ചോദ്യം..

സെറിബ്രല്‍ പാള്‍സിയുടെ തടവറയില്‍ വീണുപോയ ഏകമകന്‍ ആദിത്യന്‍റെയും അവന്‍റെ അമ്മയുടെയും കണ്ണീരിനും വേദനയ്ക്കും മുമ്പില്‍ നിസ്സഹായനായി നിന്നുകൊണ്ടാണ് അരുണ്‍ ഷൂരി ലോകത്തിലെ എല്ലാ മത-ദൈവ സങ്കല്പങ്ങളെയും ചോദ്യം ചെയ്തത്...

അരുണ്‍ ഷൂരിയുടെ  വിചാരണ ഒരുപക്ഷെ ശരിയാവാം ..
അല്ലാതെയുമിരിക്കാം..
തീര്‍ച്ചയില്ല ...
അല്ലെങ്കില്‍തന്നെയും അനുഭവങ്ങളുടെ ചൂടില്‍ ആര്‍ക്കാണ് സ്വന്തം തീര്‍ച്ചകളെ ഉപേക്ഷിക്കാതിരിക്കാനാവുക...?

പൂര്‍ണ്ണതയുടെ ഭാഗ്യം ലഭിക്കാതെ പോയ കുറെ കുഞ്ഞുങ്ങള്‍ക്കായി നടത്തപ്പെട്ട ഒരു മെഡിക്കല്‍ ക്യാമ്പിനായി പ്രവര്‍ത്തിക്കാന്‍ ഇട വന്നു,
കഴിഞ്ഞ ദിവസം; കായംകുളത്തെ സാകേത് സ്പെഷ്യല്‍ സ്കൂളില്‍..
കുറെ മാലാഖക്കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി , ഹൃദയത്തില്‍ നന്മയുടെ കയ്യൊപ്പുള്ള ഒരു മനുഷ്യന്‍ നട്ടുവളര്‍ത്തിയ സാകേതെന്ന തണല്‍ മരത്തില്‍..

ക്യാമ്പിനായെത്തിയ കുറെ അമ്മമാര്‍...
അവരുടെ ഒക്കത്തും തോളിലും കൈയ്യിലും ഒക്കെയായി വൈകല്യങ്ങളുടെ വീര്‍പ്പുമുട്ടലുകളുമായി പൊരുതുന്ന കുറെ കുഞ്ഞുങ്ങള്‍..
വിയര്‍പ്പിനും ചൂടിനും തിരക്കിനുമിടയില്‍ നെഞ്ചില്‍ തട്ടിയ ചില നിമിഷങ്ങള്‍...

ഒരമ്മയുണ്ട് , പതിനഞ്ചിനടുത്തു വയസ്സുള്ള മകനെ മടിയില്‍ താങ്ങിയിരിക്കുന്നു...ആ അമ്മ കിതക്കുന്നുണ്ട്‌;അവനെയുമെടുത്തു ക്യാമ്പ് തീരുന്നതിനു മുമ്പായി ഓടി വന്നതാണ്..

വേറൊരു ബുദ്ധിയുറയ്ക്കാത്ത മകനാവട്ടെ, അമ്മയെ ഉപദ്രവിക്കുന്നു..ആ അമ്മക്ക് പ്രായമായിട്ടുണ്ട്..അവശതകളുണ്ട്..
എന്നിട്ടും അവര്‍ അവനെ തലോടുന്നു...

പിന്നെ...
രാഹുലിന് അപസ്മാരം വന്നപ്പോള്‍ , നെഞ്ചുപൊട്ടി കരഞ്ഞ അമ്മ...
ജെറോമിന് തളര്‍ച്ച വന്നപ്പോള്‍ തേങ്ങിയ അമ്മ...
ഓര്‍മ്മ വന്നത് എന്‍റെ അമ്മയെ തന്നെയാണ്..
കഴിഞ്ഞൊരു  ദിവസം അപസ്മാരം ബാധിച്ചു അനിയന്‍ വീണപ്പോള്‍,
തറയില്‍ തളര്‍ന്നിരുന്നു നെഞ്ചുപൊട്ടി കരഞ്ഞ അമ്മ..

കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നടുവില്‍, നെഞ്ചു കിനിയുന്ന സ്നേഹവുമായി കുഞ്ഞുങ്ങള്‍ക്ക്‌ തണലോരുക്കുന്ന അമ്മമാര്‍..
ആ അമ്മമാര്‍ക്ക് , അരുണ്‍ ഷൂരിയെപ്പോലെ മത-ദൈവ ചരിത്രങ്ങളുടെ താരതമ്യ പഠനത്തിനു മാത്രം ബൌദ്ധികത ഉണ്ടായെന്നുവരില്ല...
അവര്‍ക്കു ദൈവത്തെ വിധിക്കാനുമായെന്നു വരില്ല...

പക്ഷെ അവര്‍ക്കു..ആ അമ്മമാര്‍ക്ക്, അവരുടെ  മാലാഖക്കുഞ്ഞുങ്ങള്‍, ദൈവങ്ങള്‍ തന്നെയാണ്..
കനിവുള്ള ഹൃദയങ്ങളുടെ കൈകളിലേക്ക് ,
മകനായി..
മകളായി...
സ്വയം അവതരിക്കുന്ന ദൈവം...!!!