Wednesday, June 26, 2013

പ്രളയം...

യമുന പായുന്നു...!!!
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!

ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന  മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ  മണ്ണിന്‍റെ...

യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)
Wednesday, June 19, 2013

ഈയാംപാറ്റ...

ഞാനാരെന്നുപറയുവാന്‍ മാത്രവും
ഞാനാരെന്നറിയുവാന്‍ മാത്രവും,
ഞാനാരുമല്ലല്ലോ, സഖേ ....!!!

സ്വപ്‌നങ്ങള്‍ പെയ്ത രാത്രിയില്‍,
ചിറകടിച്ചു ചിരാതുച്ചുറ്റിക്കറങ്ങുന്ന,
ചപലയായൊരീയാംപാറ്റ ....!!!

നിമിഷാര്‍ദ്ധത്തിന്‍റെ നാണയത്തുട്ടുകളുടെ
വിലപോലുമില്ലാത്ത ,
വെറുമൊരീയാംപാറ്റ ...!!!

കിനാവുകളുടെ പേമാരിയില്‍,
ചിരാതിന്‍റെ കരിന്തിരികള്‍ക്ക്,
കെട്ടടങ്ങുവാനിനിയെത്ര നാള്‍ കൂടി...???.
Wednesday, June 05, 2013

ആശംസകള്‍....

നിന്‍റെ ജീവവംശങ്ങളെ
ഞാനാണ് കൊന്നുതിന്നത്...

നിന്‍റെ അവസാനതുള്ളി നിണവും,
ഞാനാണ് വലിച്ചുകുടിച്ചത്....

നിന്‍റെ അവസാന ജീവസ്പന്ദനവും,
ഞാനാണ് വെട്ടിവിഴ്ത്തിയത്....

നിന്‍റെ ജീവശ്വാസത്തില്‍,
ഞാനാണ് വിഷപ്പുകയൂതിയത്...

എനിക്കിനി നിനക്കായി...
ഈ പരിസ്ഥിതി ദിനാശംസകള്‍ മാത്രം...!!!!!

Sunday, May 26, 2013

ചിരി...

കടല്‍ത്തീരത്ത്‌ കോറിയിട്ട വാക്കുകള്‍പോലെ 
കാലത്തിന്‍റെ മണല്‍ത്തരികളില്‍, ഓര്‍മ്മകളും .......
രണ്ടിനും,
ഒരു തിരയുടെ ആയുസ്സ് മാത്രം....!!!

നിന്‍റെ നിശ്വാസങ്ങളെയും ....
നിന്‍റെ നിര്‍ബന്ധങ്ങ
ളെയും..
നിന്‍റെ വാക്കുകളെയും..നിന്‍റെ വേദനകളെയും....
ഒരുപക്ഷെ നിന്നെയെത്തന്നെയും,
തിരകള്‍ കൂട്ടിക്കൊണ്ടുപ്പോയേക്കാം....!!!!

എങ്കിലും സുഹൃത്തേ...
മറവിയുടെ ഗര്‍ത്തങ്ങള്‍ക്കെന്നും 
നിന്‍റെയൊരു ചിരിയുടെ ആഴം മാത്രം...!!!
നാല്‍ക്കവലയില്‍, 
നാളകളിലെന്നെങ്കിലും

നമ്മള്‍ കണ്ടുമുട്ടുകയെങ്കില്‍...
ചിരിക്കാന്‍ മറക്കരുതെ....!!!!

Monday, May 20, 2013

ജീവചരിത്രം....

മയിൽപ്പീലികൾക്കും 
മണമുണ്ടായിരുന്ന, ഒരു കാലം...
അന്നാണ്, 
അപ്പൂപ്പൻതാടികൾ പറക്കാൻ പഠിച്ചത്...
അന്നാണ്,
ഞാനും ജീവിച്ചിരുന്നത്.....!!!

ഡിമെന്‍ഷ്യ..


മഴ വന്നു ...

കാറ്റ് വന്നു...
മിന്നലു വന്നു....
ഞാനറിഞ്ഞില്ല ....!!!
ഒടുവിൽ ,
ജീവിതവും....!!!

Thursday, May 09, 2013

വായില്ലാക്കുന്ന്...!!!!


വിമര്‍ശനം കേട്ട്...

വിയര്‍ത്ത്..
വിളറിപിടിച്ചു...
വ്രണപ്പെട്ട്...
വിമര്‍ശിച്ചവരുടെ 
വാപോത്താനോടി....

ഒന്ന് പൊത്തിയപ്പോള്‍,
ഒരായിരം പിന്നേം 
ഒന്നിച്ചു വാ തുറന്നു...

സര്‍വശക്തനായ...
ദൈവമേ..
ഈ പ്രാക്രിതന്മാരായ,
വിമര്‍ശകരുടെ...
വായ്കള്‍...
എന്തെ നീ തുറന്നുകൊടുത്തു...??

വായില്ലാക്കുന്നില്‍ നിന്നും,
സ്വന്തം....
Friday, February 08, 2013

ഒരു വൈകുന്നേരത്തിന്‍റെ ഓര്‍മ്മക്ക്...!!!


തികച്ചും അവിചാരിതമായ കുറെ കൂട്ടിമുട്ടലുകള്‍ക്കൊടുവിലാണ് ഇന്ന് ഡല്‍ഹിയിലെ കേരളാ ക്ലബ്ബില്‍ എത്തിപ്പെട്ടത്....വിജയനും മുകുന്ദനും കൂട്ടിമുട്ടിയ പഴയ കേരള ക്ലബ്‌ തന്നെ..!!!

പ്രൊഫ.എം.എന്‍. കാരശ്ശേരിയുടെ "മലയാളത്തിന്‍റെ രാഷ്ട്രീയം" എന്ന പ്രസംഗം കേള്‍ക്കാനായിട്ടാണ് ഈയുള്ളവന്‍ മലയാള സാഹിത്യത്തിന്‍റെ ചരിത്രത്തിനു തിരക്കഥ എഴുതിയ ആ ചുവരുകള്‍ക്കുള്ളിലേക്ക് എത്തിനോക്കുവാന്‍ ആദ്യമായി ധൈര്യപ്പെട്ടത്..!!!!

താമസിച്ചു പോയതിനാല്‍ ചെന്നെത്തിയത് തന്നെ കാരശ്ശേരി തുറന്നു വിട്ട വാക്ധോരണിയുടെ നടുവിലേക്കാണ്...മാതൃഭാഷ തന്നെ വിഷയം...മലയാളത്തെ മറക്കാന്‍ പെടാപ്പാട് നടത്തുന്ന മലയാളികളെ കുറിച്ച്... നമ്മുടെ ആംഗലേയത്തിലൂന്നിയ കപട വികസന മനോഭാവങ്ങളെക്കുറിച്ച്....

കാരശ്ശേരി പറഞ്ഞു...
"ഭാഷക്ക് രാഷ്ട്രീയമുണ്ട്....അധികാരം ഭാഷയിലിരിക്കുന്നു..."

ആ വാക്കുകളിലൂടെ കാരശ്ശേരി ഞങ്ങളെ തൂര്‍ക്കിയിലേക്ക് കൊണ്ടുപോയി... പിന്നെ പേര്‍ഷ്യയിലേക്ക് ...മാതൃഭാഷയെ ഒദ്യോഗികഭാഷയാക്കി പുനസ്ഥാപിച്ച നാടുകളിലേക്ക്...
എന്തിനു ഇംഗ്ലീഷിന്റെ ബലമില്ലാതെ തന്നെ വികസനത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ചൈനയിലേക്ക്...ജര്‍മനിയിലേക്ക്...ഒക്കെ...

പിന്നെ നമ്മുടെ നാട്ടിലേക്ക്...ഗാന്ധിജിയിലേക്ക്...മാതൃഭാഷയെ പെറ്റമ്മയെപ്പോലെ സ്നേഹിച്ച മലയാളത്തിന്‍റെ സ്വന്തം എഴുത്തച്ഛനിലേക്ക്...വള്ളത്തോളിലേക്ക്...ബഷീരിലേക്ക്..ബേപ്പൂര്‍ സുല്‍ത്താന്‍റെ നിശ്വാസം പുരണ്ട നിമിഷങ്ങളിലേക്ക്...
ഒക്കെ.....

ഇടയ്ക്കു ,
പൂന്താനം വേദനയില്‍ ഭക്തിനിര്‍ഭരമായി പാടി...
ഖസാക്കിലെ പനകളുടെ കാറ്റേറ്റ ഇതിഹാസകാരന്‍ താടിതടവിക്കൊണ്ട് , വാറ്റു ചാരായത്തിന്‍റെ തെളിമയോടുള്ള വാങ്ക് വിളി കേട്ടു.....
കുട്ടികൃഷ്ണമാരാര്‍ ഭാരതപര്യടനം നടത്തി....
അങ്ങനെ ഈയുള്ളവന്‍റെ വിരസതയുടെ വേനല്‍ ചൂടേറ്റ അനേകം വൈകുന്നേരങ്ങള്‍ക്കിടയിലേക്ക് , ഒരു മഴയുടെ നനവുള്ള കാറ്റുമായി ഈ വൈകുന്നേരം മാത്രം ബാക്കിനിന്നു...ഓര്‍മ്മകള്‍ക്ക് പിന്നെ ഓര്‍ത്തിരുന്നു അയവിറക്കാന്‍ മാത്രം അറിവുകള്‍ നല്‍കിയ ഈ വൈകുന്നേരം...!!!

അതെ..
കാരശ്ശേരിയുടെത് വ്യാകരണപ്പട്ടികയില്‍ പെടുന്ന വെറും പ്രസംഗമായിരുന്നില്ല...
അറിവിന്‍റെ നാനാകോണുകളിലേക്കുമുള്ള ഒരു തീര്‍ഥാടനം തന്നെയായിരുന്നു....
ആ തീര്‍ഥാടനത്തിനിടയില്‍ ,
ചിലപ്പോള്‍ ഞാന്‍ കോള്‍മയിര്‍ കൊണ്ടു...
ചിലപ്പോള്‍ വേദനിച്ചു...
ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു....
ചിലപ്പോള്‍ കണ്ണീര്‍ പൊടിച്ചു....

നിമിഷങ്ങള്‍ മിനുട്ടുകളിലെക്കും ,
മിനുട്ടുകള്‍ മണിക്കൂറുകളിലേക്കും
ഒഴുകുന്നത്‌ തീര്‍ഥാടകന്‍ അറിഞ്ഞതേയില്ല....!!