Sunday, May 16, 2010

ഭൂതത്താന്‍കെട്ടില്‍ രണ്ടു ഭൂതങ്ങള്‍...


കോതമംഗലത്തു നിന്നു ഇടമലയാര്‍ ബസിലാണ് ഞങ്ങള്‍ പ്രയാണം അഥവാ തെണ്ടല്‍ തുടങ്ങിയത്...ഞാനും ദിലീഷും...ഭൂതത്താന്‍കേട്ടിലേക്ക് അരമണിക്കൂര്‍ യാത്രയുണ്ട്, കോണ്‍ക്രീറ്റ് കൊട്ടാരങ്ങളുടെയും റബ്ബര്‍ മരങ്ങളുടെ ഇടയിലുടെ...വളഞ്ഞും പുളഞ്ഞും....
"പെരിയാര്‍ ജലവൈദ്യുതി പദ്ധിതിയിലേക്ക് സ്വാഗതം " എന്നെഴുതിയ ഗോപുരത്തിന്‍റെ മുമ്പിലായി ബസ്‌ നിര്‍ത്തി...ബസ്‌ ഞങ്ങളെ പിന്നിലാക്കി ഗോപുരവും കടന്നു ഇടമലയാറിലേക്കു പാഞ്ഞു പോയി..അല്ലെങ്കിലും മലയോരങ്ങളിലെ പ്രൈവറ്റ് ബസുകള്‍ക്ക് പ്രസവ വേദന അല്പം കൂടുതലാണല്ലോ.....

ഭൂതത്താന്‍കെട്ടിലെ പുതിയ ഡാം അത്ര ഭീമാകാരമൊന്നുമല്ല...ഒരു ഇടത്തരം ഡാം..രണ്ടു ഷട്ടറുകള്‍ തുറന്നിരുന്നു.സഹ്യന്‍റെ അത്യോര്‍ജമൂലമാവണം, പെരിയാര്‍ വെളുത്തു പതഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.പാലത്തിന്‍റെ മുകളില്‍ നിന്നും പെരിയാറിന്‍റെ സുതാര്യതകള്‍ ആരെയും ഒരു മുങ്ങിക്കുളിക്കായി വശീകരിച്ചു പോവും..അതും പൊള്ളുന്ന മേടമാസചൂടില്‍...
അങ്ങ് കിഴക്കായി സഹ്യന്‍ തലയുയര്‍ത്തി നിന്ന്...അരുണകിരണങ്ങള്‍ സഹ്യന്‍റെ പച്ചയില്‍ നേര്‍ത്ത ഷേഡുകള്‍ കൊരിയിട്ടിരുന്നു...മുകളിലായി കാര്‍മേഘങ്ങള്‍ ഭൂമിയെ കറുത്ത സുന്ദരിയാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു....

പുതിയ ഡാമും കടന്നു അല്പദൂരം നടന്നപ്പോള്‍ ഒരു ദുര്‍ഗാക്ഷേത്രം കണ്ടു. അതിന്‍റെ മുമ്പില്‍ ഒരു നൂറ്റാണ്ടിന്‍റെയെങ്കിലും വാര്‍ധക്യം പേറുന്ന ഒരു പടുകൂറ്റന്‍ ആല്‍മരം..നേരെ എതിര്‍വശത്തായി പഴയ ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി എന്ന ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു.

"ഇന്നലെ കൂടി രണ്ടു പേര്‍ മുങ്ങിമരിച്ചതാണ്....വെള്ളത്തില്‍ ഇറങ്ങണ്ട...." അടുത്തുള്ള ചായക്കടയിലെ ചേട്ടന്‍ കൂവി വിളിച്ചു പറഞ്ഞു.തികച്ചും നിസ്വാര്‍ഥമായ ഉപദേശമാണെന്നു അന്തിച്ചുനിന്നപ്പോളെക്കും അവിചാരിതമായി ഒരു 'കമെര്‍ശിയല്‍ ബ്രേക്ക്‌', ചേട്ടന്‍ പൊട്ടിച്ചു..
"കാട്ടിലൂടെ ഐസ്ക്രീമും തിന്നു നടക്കാം..പത്തു രൂപയെയുള്ളൂ...."

മുകളില്‍ കാര്‍മേഘങ്ങളുടെ സാന്ദ്രത ഏറിക്കൊണ്ടിരുന്നതിനാലും കാടുംകടന്നു വന്ന തണുത്ത കട്ട് നെഞ്ചിന്‍കൂട് തുളച്ചതിനാലും ഒരു കോമ്പ്രമൈസായി രണ്ടു കാപ്പി കുടിച്ചു കളയാമെന്ന് ഞങ്ങളും തികച്ചും നിസ്വാര്‍ത്ഥമായി തീരുമാനിച്ചു..


ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി തുടങ്ങുന്നത് ജലസേചന വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ അരികിലുടെയാണ്. കഷ്ടിച്ച് രണ്ടു പേര്‍ക്ക് നടക്കാവുന്ന വഴി.അതിളുടെ ഞങ്ങള്‍ നടത്തം തുടങ്ങി. ആദ്യം പേരിനു മാത്രം വലിയ വൃക്ഷങ്ങള്‍..നടന്നു നീങ്ങിയപ്പോള്‍ കാടിനും സാന്ദ്രതയേറി. കടിനുള്ളിളുടെ രൂപപെട്ടിരുന്ന ചെറിയ നടപ്പാതയും ശോഷിച്ചുകൊണ്ടിരുന്നു...അവിടെയുമിവിടെയും മരങ്ങള്‍ വഴിയില്‍ വീണു കിടന്നു...ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം....
    പാതിവഴി പിന്നിട്ടു കാണും , മഴ പൊടിച്ചു തുടങ്ങി...കാട്ടിലെ കനമേറുന്ന ഇരുട്ടിലുടെ മഴയും നനഞ്ഞു നടന്നപ്പോള്‍ മനസ് എന്തിനോടൊക്കെയോ സ്വതന്ത്രം പ്രഖ്യാപിക്കുകയായിരുന്നു..മഴയില്‍ നടക്കരുതെന്ന ഉപദേശത്തോട്... കാടിനെ പേടിച്ചു നാട് പിടിച്ച ആദിമമനുഷനെന്നില്‍ അവശേഷിപ്പിച്ച ജീനുകളോട്.... തണുത്തു വിറച്ച ശരീരത്തോട്...
 ചെറിയ രണ്ടു തോടുകളും കുറെ കുട്ടികടുകളും താണ്ടി ഒടുവില്‍ പാറക്കെടുകള്‍ നിറഞ്ഞ ഒരു തുറന്ന ഭൂപ്രദേശത്ത് ഞങ്ങളെത്തി....ഭൂതത്താന്‍കെട്ട്..നാട്ടിലെ എഴുതപെടാത്ത ചരിത്രങ്ങളില്‍ ജിവിച്ച ഭൂതം പെരിയാറിനു കുറുകെ പാറനിരത്തി പണിത ഡാം...

      അപ്പോഴേക്കും മഴ കടുത്തിരുന്നു...ഞാനാകെ നനഞ്ഞു കുതിര്‍ന്നു. പാറകല്‍ക്കിരുവശവും പെരിയാര്‍ എന്നെ വശികരിക്കുന്നുണ്ടായിരുന്നു.........അപ്പോഴൊക്കെയും കാതില്‍ മുഴങ്ങിയത് ആ ചേട്ടന്റെ ശബ്ദമാണ്..."ഇന്നലെ കൂടി രണ്ടു പേര്‍..."...

 തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോളാണ് പറക്കൂട്ടങ്ങല്‍ക്കിടയിലെ ആ ചെറിയ ജലാശയം കണ്ടത്...മരങ്ങള്‍ അതിനെ മൂന്നു വശങ്ങളിലും മൂടിയിരുന്നു...മഴയുടെ പാദസ്വരക്കിലുക്കങ്ങള്‍ അതില്‍ പൊട്ടിത്തെറിക്കുണ്ടായിരുന്നു..ദിലീഷതിനെ ഫോട്ടോയിലെക്കൊപ്പി...ഫോട്ടോ പിന്നെ കണ്ടപ്പോള്‍ കണ്ണുകള്‍ പകര്‍ത്തിയ ചിത്രത്തേക്കാള്‍ സുന്ദരമായിരുന്നു....ചുവടെ ആ ചിത്രം..
  ....പിന്നെ വീണ്ടെടുത്ത ആ ചെറിയ സ്വതന്ത്രവും ..ഇച്ചിരി സന്തോഷവുമായി ഞങ്ങള്‍ മഴയിലൂടെ നാടിന്‍റെ കാടത്തങ്ങളിലേക്ക് തിരിച്ചു നടന്നു...കാലുകളിലെ നടത്തത്തിന്റെ തളര്‍ച്ച ഞങ്ങളറിയാന്‍ തുടങ്ങിയിരുന്നു....

Tuesday, May 11, 2010

പര്യായം

ഞാനൊരു അച്ചടിപ്പിശക്‌
അര്‍ത്ഥങ്ങള്‍ വളച്ചെഴുതി  ഞാന്‍
അക്ഷരങ്ങള്‍ നഷ്ടമാക്കി....

ഞാനൊരു വികടസരസ്വതി
വാക്കുകള്‍ വിഴുങ്ങി ഞാന്‍ 
നാക്കിനെ നിശബ്ദമാക്കി...

ഞാനൊരു വ്യാകരണത്തെറ്റ്
വൃത്തത്തിലിട്ടു ഞാന്‍
കവിതയെ കറക്കിക്കൊന്നു...

Sunday, May 09, 2010

അല്ഷിമേഴ്സ്...

ഓരോ മരവും
ഒരായിരം ചിരിയാണ് ...
ഒരുമിച്ചു കല്ലെറിഞ്ഞു 
കൈകൊട്ടിയ ബാല്യത്തിന്....

ഓരോ മരവും
ഒരായിരം വിശപ്പാണ്...
ഒരുമിച്ചിരുന്നു മാങ്ങ 
പകുത്തെടുത്ത സൌഹൃദത്തിനു..

ഓരോ മരവും
ഒരായിരം കൌതുകങ്ങളാണ്‌..
കറുത്ത കുപ്പിവളകള്‍
പൊട്ടിച്ചിതറിയ കൌമാരത്തിന്...

ഓരോ മരവും
ഒരായിരം നോവുകളാണ് ..
തമ്മില്‍ മത്സരിച്ചു 
വളര്‍ത്തിയ നിശബ്ദതക്ക് ...

ഓരോ മരവും
ഒരായിരം പ്രണയമാണ് ..
ആരുമറിയാതെ ഒന്നായിതീര്‍ന്ന
ആദ്യത്തെ ആലിംഗനത്തിനു ..


ഓരോ മരവും
ഒരായിരം സ്വപ്നങ്ങളാണ്...
അവളുടെ മടിയില്‍
തലചായിച്ചുറങ്ങിയ  കണ്ണുകള്‍ക്ക്‌..

ഓരോ മരവും
ഒരായിരം നഷ്ടങ്ങളാണ്..
തിരിഞ്ഞുനോക്കാതവള്‍  നടന്നു പോയപ്പോള്‍
നിശബ്ദമായ നാവിന്...


എന്നിട്ടുമെന്തേ ഞാന്‍,.
നഷ്ടവും...
സ്വപ്നവും...
പ്രണയവും...
ചിരിയും....
നോവുമെല്ലാം ...
മറന്നു പോയത്..


എന്നിട്ടുമെന്തേ ഞാന്‍, 
മറ്റാരും കാണാതെ
മരംചുറ്റി  പ്രണയത്തിന്റെയീ
മൂക സാക്ഷിയെ
വെട്ടി തീന്മേശയുണ്ടാക്കിയത്....



Wednesday, May 05, 2010

ചൂടുപോയ പ്രണയം....

ചുണ്ടിനുള്ളില്‍ നിനക്കായി കരുതിയ
ചുടു ചുംബനത്തിന്
ചൂട് പോരെന്നുപറഞ്ഞു
ചവിട്ടി തെറിപ്പിച്ചു നീ...

അതുകൊണ്ടാവാം ....

നെഞ്ചിലെ
നെരിപ്പോടില്‍
ചൂട് ചോരാതെ
ഞാന്‍ നീക്കി വെച്ച ഒരുപിടി 
ചുവന്ന ചുംബനങ്ങള്‍
അകാലത്തില്‍ ചരമമടഞ്ഞു പോയത്‌..

Tuesday, May 04, 2010

വീണവര്‍....

നിഴലിലൂടെ പാഞ്ഞവര്‍
നിണമണിഞ്ഞു പോയവര്‍
നീണ്ടയീ വഴിയിലൂടെ
നടനടന്നു തളര്‍ന്നവര്‍..

കൂരിരുട്ടില്‍ കിളികളും
കൂടുപറ്റിയെങ്കിലും
കാട്ടിലെ  കിളികളായിനമുക്കു
കൂട്ടിരുന്നുണര്‍ന്നവര്‍.....


വാക്കുകള്‍ വിറച്ചു നാം
അറച്ചറച്ചു നിന്നപ്പോള്‍
ചോരകള്‍ ചുമച്ചുത്തുപ്പി
വിളിച്ചുകൂവി വിറച്ചവര്‍...

ചിന്തകള്‍ തൊടുത്തവര്‍
ചിരിക്കുവാന്‍ മറന്നവര്‍
കാലമോടിപ്പോയപ്പോള്‍
കാല്‍കുഴഞ്ഞു വീണവര്‍.....

നാക്കുകള്‍ തളര്‍ന്നവര്‍ക്കു
വാക്കുകള്‍ പകര്‍ന്നവര്‍
നാക്കുനീട്ടി വീണപ്പോള്‍
നോക്കിനമ്മള്‍ നിന്നുപോയി....

Monday, May 03, 2010

അപരാധിപത്യം....

ജനാധിപത്യക്കോമരങ്ങള്‍
അവനെ തൂക്കിലേറ്റി ...

നിലാവുള്ള രാത്രിക്കായി
കിനാവ് കണ്ടതിന്....

ശാസ്ത്രം കൊന്ന ദൈവങ്ങളുടെ
ശവക്കല്ലറ മാന്തിത്തുരന്നതിന്....


തെണ്ടുവാന്‍ പോലുമില്ലാത്ത
സ്വാതന്ത്ര്യത്തിനായി തിരഞ്ഞുനടന്നതിന്....


പ്രിയതമയുടെ പാതിവ്രത്യം
പാതിവിലയ്ക്ക്   വില്‍ക്കാഞ്ഞതിന് ....

കാലുകളിലൂടെ കയറിയിറങ്ങിയ
കാറിനു കല്ലെറിഞ്ഞതിന് ....

ഐ പി എല്ലിന്‍റെ ആര്‍ത്തിക്കൂത്താട്ടങ്ങള്‍ കാണാതെ
ബി പി എല്ലായി പട്ടിണികിടന്നതിന്...

തൂക്കുകയറിന്‍റെ  വലിപ്പത്തില്‍ 
തലയ്ക്കു താഴെ കഴുത്തുണ്ടായിപ്പോയതിന്.