Wednesday, December 09, 2015

ഇരട്ടത്താപ്പ്...

അവര്‍ പറയുകയാണ്‌,
ക്വാറി മാഫിയ
സഹ്യന്‍റെ മാറില്‍ കഠാരയാഴ്ത്തുകയാണെന്ന്..
മണല്‍ മാഫിയ
നിളയുടെ നെഞ്ചു തുരന്നെടുക്കുകയാണെന്ന്...

അവര്‍ക്ക്  തെറ്റിയതാണ്..
ഒക്കെ ഞാനാണ്.

എന്‍റെ വീടിന്‍റെ തറയ്ക്ക് വേണ്ടിയാണ്
സഹ്യന്‍റെ ഹൃദയം പൊടിഞ്ഞത്‌...
എന്‍റെ വീടിന്‍റെ ചുമരുകള്‍ക്കു വേണ്ടിയാണ്
നിളയുടെ ആത്മാവ് വരണ്ടത്...


Monday, December 07, 2015

പിടച്ചില്‍

ചുമയാണ്…
നിര്‍ത്താതെ …
നെഞ്ചുംകൂടും കുടഞ്ഞു , അതിങ്ങനെ തകര്‍ക്കുകയാണ്..
ഓരോ ചുമയിലും ശ്വാസം, വഴികിട്ടാതെ വീര്‍പ്പുമുട്ടുന്നു…
കണ്ണുകള്‍, ചുവപ്പില്‍ നനയുന്നു..
വാരിയെല്ലുകളില്‍ വേദനയുടെ കൊളുത്ത് മുറുകുന്നു…
ഡല്‍ഹി ..
എന്നുമവള്‍  അങ്ങനെതന്നെയായിരുന്നു…
അലസയായി..
മൂടിക്കെട്ടിയ മുഖവുമായി…
ആഴ്ന്നിറങ്ങുന്ന തണുപ്പുമായി,
നിറംവിതറിയ ധൂപങ്ങളായി..
നെഞ്ചിലെക്കുള്ള ഇടവഴികളില്‍ അവള്‍ പതിയിരിക്കും…
വഴിതിരക്കിയെത്തുന്ന ശ്വാസകണങ്ങളെ ഞെരിച്ചമര്‍ത്തും..

യക്ഷിയാണവള്‍..
സുന്ദരിയായ യക്ഷി….

വായും തുറന്നു,
വെപ്രാളപ്പെട്ടു,
ശ്വാസം നീട്ടി വലിച്ചു ..
ജീവനെ പിടിച്ചു നിര്‍ത്താനായി ഞാന്‍ കിടന്നു പുളയും ...

അവളാകട്ടെ,
എന്നെയും നോക്കി ഉള്ളിലിരുന്നു ചിരിക്കും…
മുടിയഴിച്ചിട്ടു…
പൊട്ടിപ്പൊട്ടിച്ചിരിക്കും..
അവളുടെ ചിരികള്‍ , ചുമകളായി എന്നില്‍  വീണ്ടും നിറയും...
ഞാന്‍ കിടുങ്ങി വിറയ്ക്കും…

യക്ഷിയാണവള്‍…!!!

എന്നിട്ടും,
എനിക്കവളോടു പ്രണയമാണ്..
ഒടുങ്ങാത്ത പ്രണയം..
അല്ലെങ്കിലും ആര്‍ക്കാണ് യക്ഷികളെ പ്രണയിക്കാതിരിക്കാന്‍ കഴിയുക..??
എനിക്കാവില്ല, തീര്‍ച്ച…!!

ഓരോ  മഞ്ഞിലും
ഓരോ പൊടിയിലും
ഞാന്‍ അവള്‍ക്കായി  കാത്തിരിക്കും..
ഒരു ശ്വാസത്തിനപ്പുറത്തേക്കൊരു  വലിപ്പവും എനിക്കില്ലായെന്നു തെളിയിക്കുവാനായി…
വാരിവലിച്ചിട്ട കുപ്പായങ്ങള്‍ക്കുള്ളില്‍ സ്വയം മറക്കുമ്പോള്‍, പിടിച്ചുണര്‍ത്താനായി..

ചിതയില്‍  അവസാനം മാത്രം കത്തിയമരുന്നത് ഈ നെഞ്ചിന്‍കൂടാണെന്നു ഓര്‍മ്മിപ്പിക്കുവാനായി…
ഞാന്‍ അവള്‍ക്കായി വീണ്ടും കാത്തിരിക്കും.. എനിക്കറിയാം.. അവള്‍ വീണ്ടും വരുമെന്ന്... ചുമയായി... നോവായി.. കണ്ണീരായി.. ഒക്കെ.. നിശ്വാസങ്ങള്‍ നിലച്ചു, അവളുടെ നിറവില്‍ ഞാന്‍ ലയിക്കും വരെ അവള്‍ക്കു വരാതിരിക്കാനാവില്ല...!!!!


Friday, November 27, 2015

ബ്രെഡ്‌ ബോര്‍ഡ്‌..

ചാന്ദിനീ ചൌക്കിലെ ലജ്പത് റായി മാര്‍ക്കറ്റില്‍ അവിചാരിതമായാണ് എത്തപ്പെട്ടത്...അല്‍പം മുമ്പ് മാത്രം പരിചയപ്പെട്ട സുഹൃത്തിന് അവിടേക്ക് പോകേണ്ടിയിരുന്നു... കൂടെ ഞാനും കൂടി… വലിയ ഇലക്ട്രോണിക്സ് മാര്‍ക്കറ്റാണ് … കുറെ കാലം, ഡല്‍ഹിയിലെ ഗലികള്‍ തോറും ചരിത്രവും മണത്തു നടന്നിട്ടുമൊരിക്കല്‍ പോലും കേട്ടിട്ടില്ലായിരുന്നു , ആ മാര്‍ക്കെറ്റിനെ കുറിച്ച്..

അല്ലെങ്കിലും, ഡല്‍ഹിയിലെ ജിന്നുകളുടെ വഴികള്‍ പണ്ടേ സങ്കീര്‍ണമാണ്
ജീവിതം പോലെ...
ചിലപ്പോള്‍ ചിലതൊക്കെ നമുക്ക് മുമ്പില്‍ തെളിയിക്കുന്നു….
ചിലതൊന്നും ഒരിക്കലും തെളിയിക്കാതെ മറച്ചു വെക്കുന്നു ...

ഒക്കെയുണ്ടായിരുന്നു അവിടെ…
ട്രാന്‍സിസ്റ്ററുകള്‍…
മോട്ടോറുകള്‍…
ഐസികള്‍…
ബ്രെഡ്‌ ബോര്‍ഡുകള്‍ …
എല്ലാം...

ഒരു കാലത്തായിരുന്നെങ്കില്‍ ഞാനൊരുപക്ഷെ അവിടെയൊക്കെ ഓടിനടന്നെനെ .. ഒക്കെ കയ്യിലെടുത്തു നോക്കി....
ആക്രാന്തം പിടിച്ചപോലെ, വെറുതെ വിലയും തിരക്കി .. ഒന്നും വാങ്ങിക്കാതെ നടന്നേനെ...
ഒരു കാലം ,..
എഞ്ചിനീയറിംഗ് കോളെജ്ജില്‍ , നീണ്ടു മെലിഞ്ഞു..
എല്ലാവരോടും ചിരിച്ചു...
നാണിച്ചു...
ആരെയും നോവിക്കാതെ, അപകര്‍ഷതയില്‍ മുങ്ങി നടന്നിരുന്നവന്‍...

പല രാത്രികളിലുംവൈകും വരെ , ബ്രെഡ്‌ ബോര്‍ഡില്‍ സ്വപ്‌നങ്ങള്‍ വിരിയിക്കാന്‍ ലാബില്‍ അവരിരുന്നു...
അവനും കൂട്ടുകാരും…
ആ എല്‍.ഇ.ഡി ഒന്നു കണ്ണുചിമ്മാന്‍…
ആ ചക്രം പിടിപ്പച്ച മോട്ടോര്‍ ഒന്നനങ്ങാന്‍…
ആ സി ര്‍ ഓയിലെ തരംഗങ്ങള്‍ക്കൊന്നു ജീവന്‍ വെക്കാന്‍...

ബ്രെഡ്‌ ബോര്‍ഡാകട്ടെ നിറയെ വയറുകളായിരുന്നു…
സങ്കീര്‍ണമായ ഒരു  കലാസൃഷ്ടിയിലെന്നപോലെ വയറുകള്‍ നീണ്ടും നിവര്‍ന്നും വളഞ്ഞും പുളഞ്ഞും കിടന്നു …
ആരുമൊന്നു തൊടാന്‍ പേടിക്കും …
എങ്കിലുമവര്‍ക്കത് സ്വപ്നമായിരുന്നു..
സ്വപ്നത്തെക്കാള്‍ സ്വന്തവുമായിരുന്നു…
സൂക്ഷിച്ചു ചേര്‍ത്തുവെച്ചു,
അനക്കാതെ..
കുഞ്ഞിനെപ്പോലെയാണ് അവരത്  കൊണ്ടുനടന്നത്...

അന്നൊക്കെ  ഹോസ്റ്റലില്‍  തിരിച്ചെത്തുമ്പോള്‍ നന്നേ വൈകിയിരിക്കും…
മുഷിഞ്ഞു…
വിശന്നു..
മുടിയൊക്കെ പാറി…
വിയര്‍പ്പില്‍ നിറഞ്ഞു..
എങ്കിലുമവരാരും ഒരിക്കലും തളര്‍ന്നിരുന്നില്ല...

അവനാകട്ടെ, എപ്പോഴും വീടിന്‍റെ ഓര്‍മ്മകളായിരുന്നു…
അമ്മ…! പശുക്കളുടെ കയറുകളും  വലിച്ചു…
വയ്യാത്ത അനിയനെയും നോക്കി… ഒന്നിരിക്കാന്‍ , ഒന്നു നടുവു നൂക്കാന്‍ പോലും സമയം തികയാതെ അവന്‍റെ അമ്മ.
ശരീരത്തിന്‍റെയും മനസ്സിന്‍റെയും വേദനകള്‍ ആരോടും പറയാതെ,
എല്ലവരോടും എപ്പോഴും ചിരിച്ചു, കണ്ണുകള്‍ക്കുള്ളില്‍ കണ്ണീരോതുക്കി നടന്ന …
അവന്‍റെ എല്ലാമായ അമ്മ..
ഇല്ല...
അവനന്ന്,  തളരുവാനാകുമായിരുന്നില്ല….
ആ പശുക്കളുടെ പാലാണ്…
അതു മാത്രമാണ് അവന്‍ മുഴുവനും ...
പിന്നീടു..,
അവരുടെ സ്വപ്‌നങ്ങള്‍ ബ്രെഡ്‌ ബോര്‍ഡില്‍ തളിര്‍ത്തു...
പച്ചനിറമുള്ള തരംഗങ്ങള്‍ സ്ക്രീനില്‍ നൃത്തം ചവിട്ടി...
എല്‍.ഇ.ഡികള്‍ കണ്‍കുളിര്‍ക്കെ ചിരിച്ചു....
ചക്ക്രങ്ങള്‍  ജീവന്‍വെച്ചു പാഞ്ഞു ..
അവരുടെ കുഞ്ഞു ‘റോബോട്ട്'...!!!!
അന്നവര്‍ ഒത്തിരി ആഹ്ലാദിച്ചു…
സൃഷ്ടിയുടെ നിറവ്….
ഒക്കെയൊരു കാലം….!!!
.
ലജ്പത് റായി മാര്‍ക്കെറ്റില്‍ നല്ല തിരക്കാണ്...
അവിടെയവിടെ പ്ലാസ്റ്റിക്ക് ജാറുകളില്‍ കപ്പാസിറ്ററുകളും, ഐസികളും മറ്റും നിറഞ്ഞിരിക്കുന്നു…
വെറുതെ വന്നുകയറിയതാണ്..
ഒന്നും വാങ്ങുവാനില്ലായിരുന്നു, വരുമ്പോള്‍ …
എന്നിട്ടുമെന്തക്കയോ വാങ്ങി…
ചില ഐസികളും മറ്റും….

എന്തിനെന്നറിയില്ല…
ആ മെലിഞ്ഞ പയ്യനില്‍ നിന്നിപ്പോള്‍ എത്രെയോ ദൂരം താണ്ടിയിരിക്കുന്നു…
വഴിയിലെവിടെയോ അവന്‍ നഷ്ടമായിരിക്കുന്നു…
എന്നിട്ടും…
നഷ്ടപ്പെട്ടതിനെ പലതിനെയും മറക്കാന്‍ കഴിയാതെ മനസ്സ് എന്തെക്കൊയോ കാണിച്ചുകൂട്ടുന്നു…



ജയ്പാല്ജിയുടെ കടയുടെ മുമ്പില്‍ 
എങ്കിലും
കിലോമീറ്ററുകള്‍ക്കപ്പുറം,
നാട്ടില്‍ , അലങ്കോലപ്പെട്ടുകിടക്കുന്ന ഒരു മുറിയില്‍
പൊടിപിടിച്ച പുസ്തകങ്ങള്‍ക്കും
പല്ലികള്‍ക്കും ..
പാറ്റകള്‍ക്കും .
മുട്ടയിടാന്‍ വരുന്ന കോഴികള്‍ക്കും ഇടയില്‍ ഞാനീ ഐ സി കള്‍ക്ക്  വീടോരുക്കും….
പുറത്തു തൂണില്‍ കൂടൊരുക്കിയ  പ്രാവുകള്‍ അസൂയപ്പെടുമായിരിക്കാം...ദേഷ്യപ്പെട്ടു തറയൊക്കെ നാശമാക്കുമായിരിക്കാം ..
..പോട്ടെ, സാരമില്ല….
ഒക്കെ എന്തിനാണെന്നല്ലേ….???
വിചാരിച്ചത് തന്നെ.. പ്രാന്ത്...
നിത്യവിശുദ്ധമായ പ്രാന്ത്……!!!

Thursday, November 26, 2015

വീട്...

ഒരു വീടുണ്ടായിരുന്നു....
വയലിന്‍റെ ഇങ്ങേ അറ്റത്ത്....
കുമ്മായക്കല്ലുകളില്‍ കെട്ടിയ...
പായലുപിടിച്ചു കറുത്ത ഓടുകളുള്ള...
മഴയത്ത് ചോരാറുള്ള ഒരു വീട്....

അതിന്‍റെ മുമ്പില്‍ , ഒരു കുഞ്ഞു ചാമ്പമരവും...

ആ വീട്ടിലെ പുകയടിച്ചു കറുത്ത അടുക്കളയില്‍,
കരിപുരണ്ട മുഖവുമായി അവന്‍റെ അമ്മ ,
പുകയൂതി വെച്ച...
കഞ്ഞിയും ചോറും അടയുമാണ്,
അവനെ അവനാക്കിയത്....

വീടിന്‍റെ പരുപരുത്ത തിണ്ണയില്‍...,
കുത്തിയിരുന്നവന്‍ ,
ഉറുമ്പുകളുടെ ജീവിതം കണ്ടു....
സ്വപ്‌നങ്ങള്‍ കണ്ടു...
കിനാവ് കണ്ടു...
ചിരിച്ചു ....
കരഞ്ഞു.....
ചിലപ്പോള്‍ കരഞ്ഞു കരഞ്ഞു
വടിവില്ലാത്ത അക്ഷരങ്ങള്‍ കുത്തി ക്കുറിച്ചു....

ആ ചാമ്പയുടെ ചോട്ടിലിരുന്നു അവന്‍,
ബാലരമയും പൂമ്പാറ്റയും വായിച്ചു...
എം ടിയെയും വിജയനെയും വായിച്ചു...
പദ്മനാഭന്റെ കഥകളില്‍ ജീവിച്ചു....
പെരുമ്പടവും....
മാര്‍ക്സും....
മാര്‍കെസും അവന്‍റെ കണ്ണുകളില്‍ ,
അക്ഷരകൂട്ടുകള്‍ എഴുതി....

ആ വീടിന്‍റെ മുറ്റത്താണ്,
അവന്‍ കവിത പാടി നടന്നത്...
ആ വീടിന്‍റെ മുട്ടത്താണ്,
അവന്‍ കുറ്റിയും കോലും കളിച്ചത്....

ആ വീടിന്‍റെ ഉമ്മറത്താണ്....
കശുവണ്ടി ചുട്ടു തന്ന അമ്മൂമ്മയും,
താരാട്ടുകള്‍ ഒത്തിരി പാടിത്തന്ന അപ്പൂപ്പനും,
അവസാനമായി കിടന്നുറങ്ങിയത്.....

ആ വീട്,
അവനിന്ന് പൊളിക്കുന്നു....
നാളെ
പുതിയ വീടിന്‍റെ പാലുകാച്ചാണ്....

ആ അവന്‍ , ഞാനാണ്.....
ആ വീട് ..
എന്‍റെ വീടും.....

(23.12.2012).

Tuesday, November 24, 2015

അനല്‍ ഹഖ്..

അയൂബ് ഖാനൊപ്പം 

അയൂബ് ഖാനും എനിക്കുമിടയില്‍, ഡല്‍ഹിയിലെ മെഹ്രോളിയിലേക്കുള്ള കേവലം മൂവായിരം കിലോമീറ്ററുകള്‍ മാത്രമായിരുന്നില്ല ദൂരം…
പ്രായം..
മതം…
സമൂഹം…
സംസ്കാരം..
കിത്താബുകള്‍...
ഒക്കെയുണ്ടായിരുന്നു..

എന്നിട്ടും,  
തണുപ്പ് വീണുതുടങ്ങിയ ഒരു വൈകുന്നേരത്തു, ഞാന്‍ അയൂബ് ഖാനിലേക്ക് എത്തിച്ചേര്‍ന്നു…
നിമിത്തമാവാം...


അല്ലെങ്കില്‍ …..
പത്രത്തിന്‍റെ ഏതോ കോണില്‍ , ‘ഫൂലോന്‍ കി സൈ’റിനെക്കുറിച്ചുള്ള വാര്‍ത്താശകലം വായിക്കുമായിരുന്നില്ല…
ആ കോണിലെ , ചെറിയ അക്ഷരങ്ങളില്‍ തെളിഞ്ഞ ‘ഖവാലി’ സംഗീതം കാണുമായിരുന്നില്ല...
ഇന്റര്‍നെറ്റില്‍ തിരഞ്ഞു കണ്ടുപിടിച്ച നമ്പറിലേക്ക് ജഹാസ് മഹലിലെക്കുള്ള വഴി ചോദിക്കാന്‍ വിളിക്കുമായിരുന്നില്ല...
ഇടുങ്ങിയ മെഹ്രോളി ഗലികളിലൂടെ  വാര്‍ദ്ധ്യക്യം പേറുന്ന കാറുമോടിച്ചു പോകുമായിരുന്നില്ല…
ജഹാസ് മഹലിന്‍റെ മുമ്പില്‍ നിരത്തിയിട്ട കസേരകളിലൊന്നില്‍ ‘ഖവാലി'യും കാത്തിരിക്കുമായിരുന്നില്ല….
ട്രാഫിക്ക് പോലീസു ചുമന്നു കൊണ്ടുപോയ കാറും തിരക്കി മുഹമ്മദ്‌ ഇലിയാസ്സിന്‍റെ ഓട്ടോയില്‍ പോയ ഞാന്‍, തിരിച്ചു വരുമായിരുന്നില്ല…..
തിരിച്ചു വന്നപ്പോള്‍,  തിരക്കിനും തള്ളലിനുമിടയില്‍ കസേര നഷ്ടപ്പെട്ട് അയൂബ് ഖാന്‍റെ അടുത്തെത്തുമായിരുന്നില്ല….

ഒക്കെയും നടന്നു..….
നിമിത്തമാവാം..…!!
സ്ഥലകാലങ്ങളുടെ അതിരുകളെ ഭേദിക്കുന്ന അനന്തമായ നിമിത്തം...
അറിയില്ല..
സുന്ദരമായ നിമിത്തങ്ങളിലൂടെ, ജീവിതം വീണ്ടും വീണ്ടും പറ്റിക്കുന്നു….
വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു...
പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം വീണ്ടും വീണ്ടും ജീവിക്കുന്നു…

ചിരിയിലൂടെയാണ് ഞങ്ങള്‍ പരസ്പരം കണ്ടത്…
പത്താനി വേഷത്തിലൊരു മനുഷ്യന്‍…
മെലിഞ്ഞു നീണ്ട കൈവിരലുകളാണ് ആദ്യം ശ്രദ്ധിച്ചു പോയത്….
കുറെ സംസാരിച്ചു…
പത്താനികളെ കുറിച്ച്…
ഗസലിനെക്കുറിച്ച്….
സൂഫിയുടെ വഴികളെക്കുറിച്ച്…
മെഹ്രോളിയുടെ സ്വന്തം ഖുതുബുദീന്‍ ബക്തിയാര്‍ കാക്കിയെക്കുറിച്ച്….
പൌരോഹിത്യം വധിച്ച മന്‍സൂര്‍ അല്‍-ഹല്ലാജ്ജിനെക്കുറിച്ച്...അനല്‍ ഹഖിനെക്കുറിച്ച്...

ഇടയ്ക്കെപ്പോഴോ ആ പാവം മനുഷ്യന്‍ എനിക്കായി മൂമ്ഫലി കൊണ്ടുവന്നു…
പിന്നെ തണുപ്പിനെ കുറയ്ക്കാന്‍ കടുപ്പമുള്ള ഒരു ചായയും…
പോരഞ്ഞിട്ട്, സ്വന്തം മഫ്ലറും തൊപ്പിയും  തരുവാന്‍ തുനിഞ്ഞു...
ഒരിക്കലും കണ്ടുമുട്ടിയില്ലാത്ത മനുഷ്യന്‍..!!.
തിരക്കില്‍ , വാര്‍ദ്ധക്യവും പേറി കുറെ നടന്നു പോയിട്ട് …
അതും എനിക്കായി...
ഇതിനു മാത്രം….
ഇതിനു മാത്രം എന്ത് നന്മയാണ് എനിക്കുള്ളത്…???
ഉപരിപ്ലവമായ ഈ അസ്തിത്വത്തിനു മേല്‍ എന്തിനാണി നന്മയുടെ നുറുങ്ങുവെട്ടങ്ങള്‍ …???
പല ഹൃദയങ്ങളിലേക്കും വേദനയുടെ ശരങ്ങളെല്‍പ്പിച്ച എനിക്ക്….!

പതിയെയറിഞ്ഞു…
ദൂരങ്ങളുടെയും,
മതങ്ങളുടെയും,
സംസ്കാരങ്ങളുടെയും,
ശരീരങ്ങളുടെയും  അതിരുകള്‍ക്കപ്പുറത്ത് ഞങ്ങള്‍ പണ്ടേ ബന്ധിക്കപ്പെട്ടവരെന്നു….
അരങ്ങില്‍ ഖാസിഫ് നിസാമി ഖവാലി പാടുന്നുണ്ടായിരുന്നു…

“ചാപ്പ് തിലക് സബ് ചീനി രേ മോസെ നൈനാ മിലാകെ….” Chhap tilak sab chini re mose naina milaike..

അമീര്‍ ഖുസ്രുവിന്‍റെ വരികള്‍…

വേര്‍തിരിക്കുന്ന മതിലുകളനവധിയെങ്കിലും , എല്ലാം ഒന്നാണെന്നു ഹൃദയം അറിഞ്ഞു തുടങ്ങിയിരുന്നു…

വേറെ തരമില്ലായിരുന്നു... അത്രെക്കു നിറഞ്ഞുപോയിരുന്നു..... എന്ത് മുസ്ലിം…???...
എന്ത് ഹിന്ദു..??
എന്ത് പത്താനി…??
എന്ത് ഈഴവന്‍...???

അത് നീയാണെന്നും….
അത് ഞാന്‍ തന്നെയെന്നും…

അനല്‍ ഹഖ്…!!!!

മന്‍സൂര്‍ ഹല്ലാജ്ജിനെ കൊന്നവര്‍ ഇന്നുമുണ്ടാവും….
സൂഫി പോയ വഴിയില്‍ അവര്‍ വേലികള്‍ തീര്‍ത്തിട്ടുമുണ്ടാവും...
വേലികളെ, അവര്‍ വാളുകള്‍ കൊണ്ട് കാക്കുന്നുമുണ്ടാവും..
അയൂബ് ഖാന്‍ അതറിഞ്ഞില്ല...
ഞാനും…
യുസുഫ് മാലിക്ക്...

ഖവാലി കഴിഞ്ഞപ്പോള്‍ നേരം പുലര്‍ന്നിരുന്നു… നാലു മണി…
കെട്ടിപ്പിടിച്ചു പിരിയുമ്പോള്‍
കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നുവോ..?? അറിയില്ല....!! നിറഞ്ഞ ഹൃദയത്തിനു തോന്നിയതാവാം....
ബന്ധനങ്ങളുടെ ഭാരമില്ലാതെയാണ് പിരിഞ്ഞത്‌..
ഫേസ്ബുക്കും , വാട്സപ്പും, മൊബൈല്‍ നമ്പറിന്‍റെ പോലും …!!
ഇനിയൊരിക്കലും കണ്ടുമുട്ടില്ലായിരിക്കാം….


എന്നിട്ടും, അയൂബ് ഖാന്‍ പറഞ്ഞു….
“ ഫിര്‍ മിലേംഗെ…സരൂര്‍…
ജന്നത്ത് മേം…
ഖുദാ ജാനേ ക്യാ ഹോഗാ...”..