Wednesday, May 21, 2014

മുറുക്കാന്‍പെട്ടി

മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
മനസ്സില്‍ മങ്ങിത്തുടങ്ങിയ
ചായാചിത്രങ്ങളിലെ
വല്ല്യമ്മച്ചിയുടെ മണമാണ്....

അമ്മ പറയാറുണ്ട്‌,
പണ്ട്...
മുറുക്കാന്‍ പെട്ടിയില്‍,
ചുണ്ണാമ്പും,
വെറ്റയും,
പാക്കും,
പാക്കുവെട്ടിയുമൊക്കെയുള്ളയൊരു
കാലത്ത്....
ഒരരഞ്ഞാണം മാത്രമണിഞ്ഞു,
മണ്ണിന്‍റെ മണമറിഞ്ഞു കരഞ്ഞപ്പോള്‍,
വല്ല്യമ്മച്ചിയുടെ
മുറുക്കാന്‍ചുണ്ടുകളുടെ മണം
കരഞ്ഞുനിറഞ്ഞയെന്‍റെ,
കവിളുകള്‍ അറിഞ്ഞതാണെന്നു...
ഓര്‍മ്മയില്ല...!!!

ഇന്ന്..
ചുണ്ണാമ്പില്ല....
വെറ്റയില്ല...
പാക്കുമില്ല....
പാക്കുവെട്ടിയുമില്ല....
എങ്കിലും,
മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
പുകയൂതി കരുവാളിച്ച,
വിയര്‍ത്തു ക്ഷീണിച്ച,
എന്‍റെ വല്ല്യമ്മച്ചിയുടെ മണമാണ്.....

ഇപ്പോഴും,
അമ്മ പറയാറുണ്ട്‌,
നിനക്കിന്നും
വല്ല്യമ്മച്ചിയുടെ മണമാണെന്ന്...

അമ്മക്കറിയില്ലല്ലോ,
മകനിന്നും,
ആരുമറിയാതെ,
മുറുക്കാന്‍പെട്ടി,
മണക്കുന്നുണ്ടെന്ന്...

4 comments:

Unknown said...

അപ്പോൾ മുറുക്കുന്ന ശീലമുണ്ടല്ലേ മാഷെ ..? :)

വരികൾ ഇഷ്ടമായി..
ആശംസകൾ...

സൗഗന്ധികം said...

മണ്മറയാത്ത ചില മണങ്ങൾ

നല്ല കവിത

ശുഭാശം സകൾ.....

Unknown said...

ഓരോ മുറുക്കാൻ പെട്ടികളിലും

ഒളിച്ചിരിക്കുന്നു

ഒരായിരം ഓർമകൾ ......

ajith said...

ഓര്‍മ്മപ്പെട്ടി