Sunday, May 09, 2010

അല്ഷിമേഴ്സ്...

ഓരോ മരവും
ഒരായിരം ചിരിയാണ് ...
ഒരുമിച്ചു കല്ലെറിഞ്ഞു 
കൈകൊട്ടിയ ബാല്യത്തിന്....

ഓരോ മരവും
ഒരായിരം വിശപ്പാണ്...
ഒരുമിച്ചിരുന്നു മാങ്ങ 
പകുത്തെടുത്ത സൌഹൃദത്തിനു..

ഓരോ മരവും
ഒരായിരം കൌതുകങ്ങളാണ്‌..
കറുത്ത കുപ്പിവളകള്‍
പൊട്ടിച്ചിതറിയ കൌമാരത്തിന്...

ഓരോ മരവും
ഒരായിരം നോവുകളാണ് ..
തമ്മില്‍ മത്സരിച്ചു 
വളര്‍ത്തിയ നിശബ്ദതക്ക് ...

ഓരോ മരവും
ഒരായിരം പ്രണയമാണ് ..
ആരുമറിയാതെ ഒന്നായിതീര്‍ന്ന
ആദ്യത്തെ ആലിംഗനത്തിനു ..


ഓരോ മരവും
ഒരായിരം സ്വപ്നങ്ങളാണ്...
അവളുടെ മടിയില്‍
തലചായിച്ചുറങ്ങിയ  കണ്ണുകള്‍ക്ക്‌..

ഓരോ മരവും
ഒരായിരം നഷ്ടങ്ങളാണ്..
തിരിഞ്ഞുനോക്കാതവള്‍  നടന്നു പോയപ്പോള്‍
നിശബ്ദമായ നാവിന്...


എന്നിട്ടുമെന്തേ ഞാന്‍,.
നഷ്ടവും...
സ്വപ്നവും...
പ്രണയവും...
ചിരിയും....
നോവുമെല്ലാം ...
മറന്നു പോയത്..


എന്നിട്ടുമെന്തേ ഞാന്‍, 
മറ്റാരും കാണാതെ
മരംചുറ്റി  പ്രണയത്തിന്റെയീ
മൂക സാക്ഷിയെ
വെട്ടി തീന്മേശയുണ്ടാക്കിയത്....



4 comments:

രഘുനാഥന്‍ said...

നല്ല വരികള്‍

കുഞ്ഞാമിന said...

എന്നിട്ടുമെന്തേ ഞാന്‍,
മറ്റാരും കാണാതെ
മരംചുറ്റി പ്രണയത്തിന്റെയീ
മൂക സാക്ഷിയെ
വെട്ടി തീന്മേശയുണ്ടാക്കിയത്....

നല്ല കവിത..നല്ല ആശയം..

Unknown said...

ഒരോ മരവും ജന്മാന്തരങ്ങൾക്ക് പകർന്നത് ഒരായിരം കഥകളാണ്.

Sabu Hariharan said...

നന്നായിരിക്കുന്നു