Sunday, May 16, 2010

ഭൂതത്താന്‍കെട്ടില്‍ രണ്ടു ഭൂതങ്ങള്‍...


കോതമംഗലത്തു നിന്നു ഇടമലയാര്‍ ബസിലാണ് ഞങ്ങള്‍ പ്രയാണം അഥവാ തെണ്ടല്‍ തുടങ്ങിയത്...ഞാനും ദിലീഷും...ഭൂതത്താന്‍കേട്ടിലേക്ക് അരമണിക്കൂര്‍ യാത്രയുണ്ട്, കോണ്‍ക്രീറ്റ് കൊട്ടാരങ്ങളുടെയും റബ്ബര്‍ മരങ്ങളുടെ ഇടയിലുടെ...വളഞ്ഞും പുളഞ്ഞും....
"പെരിയാര്‍ ജലവൈദ്യുതി പദ്ധിതിയിലേക്ക് സ്വാഗതം " എന്നെഴുതിയ ഗോപുരത്തിന്‍റെ മുമ്പിലായി ബസ്‌ നിര്‍ത്തി...ബസ്‌ ഞങ്ങളെ പിന്നിലാക്കി ഗോപുരവും കടന്നു ഇടമലയാറിലേക്കു പാഞ്ഞു പോയി..അല്ലെങ്കിലും മലയോരങ്ങളിലെ പ്രൈവറ്റ് ബസുകള്‍ക്ക് പ്രസവ വേദന അല്പം കൂടുതലാണല്ലോ.....

ഭൂതത്താന്‍കെട്ടിലെ പുതിയ ഡാം അത്ര ഭീമാകാരമൊന്നുമല്ല...ഒരു ഇടത്തരം ഡാം..രണ്ടു ഷട്ടറുകള്‍ തുറന്നിരുന്നു.സഹ്യന്‍റെ അത്യോര്‍ജമൂലമാവണം, പെരിയാര്‍ വെളുത്തു പതഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.പാലത്തിന്‍റെ മുകളില്‍ നിന്നും പെരിയാറിന്‍റെ സുതാര്യതകള്‍ ആരെയും ഒരു മുങ്ങിക്കുളിക്കായി വശീകരിച്ചു പോവും..അതും പൊള്ളുന്ന മേടമാസചൂടില്‍...
അങ്ങ് കിഴക്കായി സഹ്യന്‍ തലയുയര്‍ത്തി നിന്ന്...അരുണകിരണങ്ങള്‍ സഹ്യന്‍റെ പച്ചയില്‍ നേര്‍ത്ത ഷേഡുകള്‍ കൊരിയിട്ടിരുന്നു...മുകളിലായി കാര്‍മേഘങ്ങള്‍ ഭൂമിയെ കറുത്ത സുന്ദരിയാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു....

പുതിയ ഡാമും കടന്നു അല്പദൂരം നടന്നപ്പോള്‍ ഒരു ദുര്‍ഗാക്ഷേത്രം കണ്ടു. അതിന്‍റെ മുമ്പില്‍ ഒരു നൂറ്റാണ്ടിന്‍റെയെങ്കിലും വാര്‍ധക്യം പേറുന്ന ഒരു പടുകൂറ്റന്‍ ആല്‍മരം..നേരെ എതിര്‍വശത്തായി പഴയ ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി എന്ന ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു.

"ഇന്നലെ കൂടി രണ്ടു പേര്‍ മുങ്ങിമരിച്ചതാണ്....വെള്ളത്തില്‍ ഇറങ്ങണ്ട...." അടുത്തുള്ള ചായക്കടയിലെ ചേട്ടന്‍ കൂവി വിളിച്ചു പറഞ്ഞു.തികച്ചും നിസ്വാര്‍ഥമായ ഉപദേശമാണെന്നു അന്തിച്ചുനിന്നപ്പോളെക്കും അവിചാരിതമായി ഒരു 'കമെര്‍ശിയല്‍ ബ്രേക്ക്‌', ചേട്ടന്‍ പൊട്ടിച്ചു..
"കാട്ടിലൂടെ ഐസ്ക്രീമും തിന്നു നടക്കാം..പത്തു രൂപയെയുള്ളൂ...."

മുകളില്‍ കാര്‍മേഘങ്ങളുടെ സാന്ദ്രത ഏറിക്കൊണ്ടിരുന്നതിനാലും കാടുംകടന്നു വന്ന തണുത്ത കട്ട് നെഞ്ചിന്‍കൂട് തുളച്ചതിനാലും ഒരു കോമ്പ്രമൈസായി രണ്ടു കാപ്പി കുടിച്ചു കളയാമെന്ന് ഞങ്ങളും തികച്ചും നിസ്വാര്‍ത്ഥമായി തീരുമാനിച്ചു..


ഭൂതത്താന്‍കെട്ടിലെക്കുള്ള വഴി തുടങ്ങുന്നത് ജലസേചന വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ അരികിലുടെയാണ്. കഷ്ടിച്ച് രണ്ടു പേര്‍ക്ക് നടക്കാവുന്ന വഴി.അതിളുടെ ഞങ്ങള്‍ നടത്തം തുടങ്ങി. ആദ്യം പേരിനു മാത്രം വലിയ വൃക്ഷങ്ങള്‍..നടന്നു നീങ്ങിയപ്പോള്‍ കാടിനും സാന്ദ്രതയേറി. കടിനുള്ളിളുടെ രൂപപെട്ടിരുന്ന ചെറിയ നടപ്പാതയും ശോഷിച്ചുകൊണ്ടിരുന്നു...അവിടെയുമിവിടെയും മരങ്ങള്‍ വഴിയില്‍ വീണു കിടന്നു...ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം....
    പാതിവഴി പിന്നിട്ടു കാണും , മഴ പൊടിച്ചു തുടങ്ങി...കാട്ടിലെ കനമേറുന്ന ഇരുട്ടിലുടെ മഴയും നനഞ്ഞു നടന്നപ്പോള്‍ മനസ് എന്തിനോടൊക്കെയോ സ്വതന്ത്രം പ്രഖ്യാപിക്കുകയായിരുന്നു..മഴയില്‍ നടക്കരുതെന്ന ഉപദേശത്തോട്... കാടിനെ പേടിച്ചു നാട് പിടിച്ച ആദിമമനുഷനെന്നില്‍ അവശേഷിപ്പിച്ച ജീനുകളോട്.... തണുത്തു വിറച്ച ശരീരത്തോട്...
 ചെറിയ രണ്ടു തോടുകളും കുറെ കുട്ടികടുകളും താണ്ടി ഒടുവില്‍ പാറക്കെടുകള്‍ നിറഞ്ഞ ഒരു തുറന്ന ഭൂപ്രദേശത്ത് ഞങ്ങളെത്തി....ഭൂതത്താന്‍കെട്ട്..നാട്ടിലെ എഴുതപെടാത്ത ചരിത്രങ്ങളില്‍ ജിവിച്ച ഭൂതം പെരിയാറിനു കുറുകെ പാറനിരത്തി പണിത ഡാം...

      അപ്പോഴേക്കും മഴ കടുത്തിരുന്നു...ഞാനാകെ നനഞ്ഞു കുതിര്‍ന്നു. പാറകല്‍ക്കിരുവശവും പെരിയാര്‍ എന്നെ വശികരിക്കുന്നുണ്ടായിരുന്നു.........അപ്പോഴൊക്കെയും കാതില്‍ മുഴങ്ങിയത് ആ ചേട്ടന്റെ ശബ്ദമാണ്..."ഇന്നലെ കൂടി രണ്ടു പേര്‍..."...

 തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോളാണ് പറക്കൂട്ടങ്ങല്‍ക്കിടയിലെ ആ ചെറിയ ജലാശയം കണ്ടത്...മരങ്ങള്‍ അതിനെ മൂന്നു വശങ്ങളിലും മൂടിയിരുന്നു...മഴയുടെ പാദസ്വരക്കിലുക്കങ്ങള്‍ അതില്‍ പൊട്ടിത്തെറിക്കുണ്ടായിരുന്നു..ദിലീഷതിനെ ഫോട്ടോയിലെക്കൊപ്പി...ഫോട്ടോ പിന്നെ കണ്ടപ്പോള്‍ കണ്ണുകള്‍ പകര്‍ത്തിയ ചിത്രത്തേക്കാള്‍ സുന്ദരമായിരുന്നു....ചുവടെ ആ ചിത്രം..
  ....പിന്നെ വീണ്ടെടുത്ത ആ ചെറിയ സ്വതന്ത്രവും ..ഇച്ചിരി സന്തോഷവുമായി ഞങ്ങള്‍ മഴയിലൂടെ നാടിന്‍റെ കാടത്തങ്ങളിലേക്ക് തിരിച്ചു നടന്നു...കാലുകളിലെ നടത്തത്തിന്റെ തളര്‍ച്ച ഞങ്ങളറിയാന്‍ തുടങ്ങിയിരുന്നു....

11 comments:

ഒരു യാത്രികന്‍ said...

bhoothayaathra nannaayi....sasneham

krishnakumar513 said...

അവിടുങ്ങനെ തുണ്ടം എന്ന സ്ഥലം വഴി കാട്ടിലൂടെ മലയാറ്റൂര്‍ എത്തിച്ചേരാം.രസകരമായ വഴിയാണ്.

N.J Joju said...

ഇതൊക്കെ എന്നു സംഭവിച്ചു? ദിലീഷോ??

നിരക്ഷരൻ said...

മഴ നനഞ്ഞ് പെരിയാറിന്റെ തീരത്തൂടെ ഭൂതത്താന്‍ കെട്ടിലേക്ക്. കേട്ടിട്ട് തന്നെ കുളിര് കോരുന്നു. യാത്രകള്‍ തുടരൂ.

ഒരിക്കലേ പോകാന്‍ പറ്റിയിട്ടുള്ളൂ ഭൂതത്താന്‍ കെട്ടിലേക്ക്. അതിന്റെ ഐതിഹ്യം കൂടെ ഒന്ന് എഴുതിച്ചേര്‍ക്കാമോ ?

ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.

Anil cheleri kumaran said...

സൂപ്പര്‍ പടംസ്.

jayanEvoor said...

ഭൂതത്താൻ കെട്ടിൽ പോയത് 20 വർഷം മുൻപാണ് - വിദ്യാർത്ഥിയായിരുന്നപ്പോൾ. ആ പ്രദേശത്തിനു കാര്യമായ മാറ്റമൊന്നുമുണ്ടായില്ല എന്നു തോന്നുന്നു, ഈ വിവരണം വായിച്ചിട്ട്. അത്രയും നല്ലത്!

ആശംസകൾ!!

രഘുനാഥന്‍ said...

വിവരണം നന്നാകുന്നു...തുടരുക...ആശംസകള്‍

മാത്തൂരാൻ said...

nice

Jishad Cronic said...

രസകരമായ വിവരണം....

SABUKERALAM said...

ഭൂതത്താന്‍ കൊള്ളാം


സാബു കേരളം കൂടെ ഒന്ന് നോക്കുമല്ലോ

http://sabukeralam.blogspot.com/

Ashish said...

Excellent, Praveen. Keep up the open mind that you always carried..