വാരിയെടുത്ത കുറെ പുസ്തകങ്ങളുടെ ഇടയില്‍ ഒരു പഴയ ഗുരുകുല മാസിക.
ചുളുങ്ങിയിട്ടുണ്ട്...
മടങ്ങിയിട്ടുമുണ്ട്....
ചില താളുകളില്‍ ചിതലിന്‍റെ ചിത്രമെഴുത്തുകള്‍ അക്ഷരങ്ങളെ കാര്‍ന്നുതിന്നിട്ടുമുണ്ട്...
പഴമയുടെ മണമുള്ള മഞ്ഞിച്ച താളുകളില്‍ അവിടെയിവിടെ അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടുമുണ്ട്…
എന്നും ചുളുങ്ങാത്തതും പുതിയതുമായ പുസ്തകങ്ങളെ മാത്രം തിരഞ്ഞുപോവാറുള്ളവനാണ്…
പുതുമയുടെ മണം കണ്ണടച്ചു ശ്വസിച്ചു നോക്കാറുള്ളവനുമാണ്…
ഒരുതാളെങ്കിലും ഒന്നുമടങ്ങിയാല്‍ അപ്പാടെ പുസ്തകം മാറ്റിവെക്കാറുള്ളവനുമാണ്..
എന്നിട്ടും…
കവര്‍പേജില്‍ ഗുരുനിത്യചൈതന്യയതി.
വിടരുവാന്‍ വെമ്പുന്ന പുഞ്ചിരി.
താടിയും മുടിയും നീട്ടിയ യുവാവായ ഗുരു...
ആ മന്ദസ്മിതം...
അതു മാത്രം മതിയായിരുന്നു പുതുമയുടെ ധാര്‍ഷ്ട്യങ്ങളെ മറക്കാന്‍..
പ്രകൃതിയോളം പഴക്കവും, പ്രകൃതിയോളം തന്നെ പുതുമയുമുള്ള ഗുരുവിന്‍റെ പുഞ്ചിരി…
അടക്കിപ്പിടിച്ചതും അടച്ചുവച്ചതും അപ്പാടെ തുറന്നു പോകുന്ന വിശാലത ..
മുറിവേറ്റു വരണ്ട മരുഭൂമികളില്‍ പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കുന്ന ഒരു നനുത്ത മഴ...
ഗുരുവിന്‍റെ വിയോഗത്തിനു ശേഷം പ്രസിദ്ധീകരിച്ച ലക്കമാണ്…
1999 ജൂണിലേതാണ്..
പക്ഷാഘാതം പിടിപെട്ടതിനു ശേഷം ജീവിതത്തിലേക്ക് പിച്ചവെച്ചു വരുന്ന ഗുരുവിന്‍റെ മനസ്സായിരുന്നു ഒരു ലേഖനത്തില്‍...
രോഗം നിഷ്പ്രഭനാക്കിയിട്ടും ഗുരു പരിഭവിച്ചിരുന്നില്ല.
അശേഷം തളര്‍ന്നുപോയ കൈകാലുകളില്‍ ചെറിയ ചലനങ്ങള്‍ മുളയ്ക്കുമ്പോള്‍ അതിലദ്ദേഹം പ്രപഞ്ചത്തിന്‍റെ പുഞ്ചിരി കണ്ടു…
തിരിച്ചുവരാന്‍ വെമ്പുന്ന ജീവന്‍റെ പേറ്റുനോവറിഞ്ഞു..
ജീവിതവും മരണവും അദ്വൈതിക്ക് ഒന്നാവുന്നു…
ജനിക്കുമ്പോള്‍ ജീവനോപ്പം മരണവും കൂടെ ജനിക്കുന്നു…
ക്ഷണിക്കാതെത്തുന്ന രംഗബോധമില്ലാത്ത അതിഥിയാവുന്നില്ല മരണം…
നടക്കുമ്പോള്‍ കൂടെ നടക്കുന്ന കൂട്ടുകാരനാവുന്നു മരണം…
അറിവില്ലായ്മകളുടെ അഗാധഗര്‍ത്തങ്ങളിലാണ് മനസ്സ്..
അഹന്തകളുടെ, ധാര്‍ഷ്ട്യങ്ങളുടെ ഒക്കെ അഗാധഗര്‍ത്തങ്ങള്‍…
അവിടങ്ങളില്‍ ഗുരു വെണ്മയുടെ പുഞ്ചിരിമുത്തുകള്‍ വാരിവിതറുന്നു...
വേദനകളും..
നരകളും…
ചുമകളും..
വിമ്മിഷ്ടങ്ങളും..
മുറിവുകളും..
ഒക്കെയുണ്ട്...
ഒക്കെയും കൂടെ നടക്കുന്ന മരണമെന്ന കൂട്ടുകാരന്‍റെ പരിഭവങ്ങളാവാമെന്നറിയുന്നു...
മരണം ഗുരു തന്നെയാവുന്നു…
അത് ജീവിതവുമാകുന്നു...
അഹന്തയുടെ തിമിരം വീണ്ടുമെന്നില്‍ പടരുമായിരിക്കാം..
എങ്കിലുമതുവരെ, ഈ അല്പനിമിഷങ്ങളില്‍ ഞാനാ വെണ്മയൊന്നു രുചിച്ചോട്ടെ....
2 comments:
നിത്യമായ ചൈതന്യം തന്നെ ഗുരു
Guru is a real master. A down to earth person and friend.
Post a Comment