Tuesday, April 20, 2010

വിഭജനം.....


നമ്മുടെ സ്വപ്‌നങ്ങള്‍
എന്‍റെതും നിന്‍റെതുമായത്
ഇന്നലെ മുതലാണ്....

അനോന്യം വലിച്ചെറിഞ്ഞ
മുനവെച്ച വാക്കുകള്‍
നെഞ്ചില്‍ തറച്ചു കയറുന്നത്
നമ്മളറിഞ്ഞതായി ഭാവിച്ചില്ല....

ഒടുവില്‍ ബാക്കിവന്ന
നീണ്ട നിശബ്ദതതകള്‍ക്കിടയില്‍
വിറച്ചു വീണ വാക്കുകളാവട്ടെ
ആര്‍ക്കും വേണ്ടാതെ
വായുവില്‍തട്ടി പ്രതിധ്വനിച്ചു.....

അവിടെയിവിടെയായി മുറിഞ്ഞുവീണ
ഹൃദയക്കഷ്ണങ്ങള്‍ പെറുക്കിയെടുത്തു
ചേരുംപടി ചേര്‍ത്തിട്ടും
നെഞ്ചില്‍ മുറിവുകളുടെ
ഭാരം മാത്രം ബാക്കിനിന്നു.....

എന്‍റെ സ്വപ്നങ്ങള്‍ക്കും നിന്‍റെ സ്വപ്നങ്ങള്‍ക്കും
വേണ്ടാത്ത നമ്മുടെ സ്വപ്‌നങ്ങള്‍
അപ്പൂപ്പന്താടികളായി പറന്നു നടന്നു...

Sunday, April 04, 2010

ഇല്ലായ്മകള്‍.....

'ലേവിസ് ബെര്‍ഗേറി'ന്‍റെ
ചായം കിട്ടാത്തതിനാലാവണം
മഴവില്ലിന്‍റെ ഏഴാമത്തെ നിറം
മാഞ്ഞുപോയത്....

'ഫെയര്‍ & ലവ്ലി'യുടെ
വാര്‍ണിഷു കിട്ടാത്തതിനാലാവണം
കാര്‍മേഘത്തിനു
കണ്ണാടിയില്‍ നോക്കാനൊരു
അപകര്‍ഷത.....

'ഗള്‍ഫ്‌ ഗേറ്റി'ന്‍റെ
മുടിയിഴകള്‍ കിട്ടാത്തതിനാലാവണം
മതികെട്ടാന്‍ മലയ്ക്ക്
കഷണ്ടി കയറിയത്....

'വോല്ട്ടാസി'ന്‍റെ
തണുപ്പ് കിട്ടാത്തതിനാലാവണം
ആഗോളതാപനം ഭൂമിയുടെ
തലയ്ക്കു പിടിച്ചത്...

പെപ്സിയുടെ
കുപ്പി കിട്ടാത്തതിനാലാവണം
ചൊവ്വയിലാരും വെള്ളം
കാണാതെപോയത്....

'റയ്മണ്ടി'ന്‍റെ
കറുത്തകോട്ട് കിട്ടാത്തതിനാലാവണം
ആണോരുത്തനും
ആണത്തമില്ലാതായത്.....*


Note : * Raymond : The Complete Man

ഇടയ്ക്കിടെ....

ഇടയ്ക്കിടെ വിശക്കുന്നത്
നല്ലതാണ്....
തിന്നുന്നത് തിന്നാന്‍വേണ്ടിയല്ലെന്ന്
രുചിച്ചറിയാം....

ഇടയ്ക്കിടെ കോളകുടിക്കാതിരിക്കുന്നത്
നല്ലതാണ്...
പ്ലാച്ചിമടയിലെ പച്ചവെള്ളത്തിന്‍റെ
ദാഹമറിയാം....

ഇടയ്ക്കിടെ പുതയ്ക്കാതുറങ്ങുന്നത്
നല്ലതാണ്....
തെരുവില്‍ പട്ടിയെകെട്ടിപിടിച്ചുറങ്ങുന്ന
ചൂടറിയാം....

ഇടയ്ക്കിടെ കിതയ്ക്കുന്നത്
നല്ലതാണ്...
മണ്ണുചുമക്കുന്ന ബാല്യത്തിന്‍റെ
വാര്‍ധക്യമറിയാം...

ഇടയ്ക്കിടെ വട്ടനാവുന്നത്
നല്ലതാണ്...
വട്ടില്ലാത്ത ലോകം
'ഇട്ടാവട്ട'മാണെന്നറിയാം.....

ഇടയ്ക്കിടെ ജീവിക്കുനത്
നല്ലതാണ്....
ജീവിച്ചവര്‍ക്കെ മരണമുള്ളൂവെന്നു
മനസിലാവും.....

Saturday, April 03, 2010

എന്‍റെ ഞാന്‍.....

കണ്ണുകള്‍ക്ക്‌ കാഴ്ചയുള്ളതുകൊണ്ടാണ്
ഞാന്‍ അന്ധനായത്....
കണ്ണുപൊട്ടന്‍റെ കണ്ണുനീര്
ഞാന്‍ കണ്ടില്ല....

ചെവികള്‍ക്ക് കേള്‍വിയുള്ളതുകൊണ്ടാണ്
ഞാന്‍ ബധിരനായത്.....
കാതുകളടഞ്ഞവന്‍റെ കരച്ചില്‍
ഞാന്‍ കേട്ടില്ല...

നാവുകള്‍ക്ക് ശബ്ദമുള്ളതുകൊണ്ടാണ്
ഞാന്‍ മൂകനായത്....
നാവില്ലാത്തവന്‍റെ ശബ്ദമായി
എന്‍റെ നാവുയര്‍ന്നില്ല....

നെഞ്ചിനുള്ളില്‍ ഹൃദയമുള്ളതുകൊണ്ടാണ്
ഞാന്‍ ഹൃദയശൂന്യനായത്....
നെഞ്ചുതകര്‍ന്നവന്‍റെ ഹൃദയമിടിപ്പുകള്‍
ഞാന്‍ തിരിച്ചറിഞ്ഞില്ല...

ഞാന്‍ ഞാനയതിനലാണ്
എനിക്ക് ഞാനില്ലാതായത്.....
എന്നിലെ എന്നെ
ഞാന്‍ ഞാനായറിഞ്ഞില്ല.....

Friday, April 02, 2010

ജീവന്‍റെ കണക്കുപുസ്തകം....

ജീവിതം....
കണക്കുകളുടെ കഥയാണെന്ന്
എന്നെ പഠിപ്പിച്ചു....

കണക്കുകൂട്ടലുകള്‍....
കരുതികൂട്ടലുകള്‍....
കൂട്ടിക്കിരിക്കലുകള്‍.....
കൂട്ടം വിട്ടുപോയവര്‍....
കൂട്ടം തെറ്റി വന്നവര്‍...
കൂട്ട് കൂടിയവര്‍....
കൂട്ട് വെട്ടിയവര്‍....
വെട്ടിക്കൂട്ടിയവര്‍...
കൂട്ടിവെച്ചവര്‍.....

കണക്കുകള്‍ക്കൊടുവില്‍...
സമസമാങ്ങള്‍ക്കിപ്പുറം....
ബാക്കിവന്നത് വട്ടപ്പൂജ്യം......

ജീവിതം...
കഥയില്ലായ്മകളുടെ കണക്കാണെന്ന്
ഞാന്‍ പഠിച്ചു......!!!!!