Wednesday, June 26, 2013

പ്രളയം...

യമുന പായുന്നു...!!!
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!

ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന  മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ  മണ്ണിന്‍റെ...

യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)




Wednesday, June 19, 2013

ഈയാംപാറ്റ...

ഞാനാരെന്നുപറയുവാന്‍ മാത്രവും
ഞാനാരെന്നറിയുവാന്‍ മാത്രവും,
ഞാനാരുമല്ലല്ലോ, സഖേ ....!!!

സ്വപ്‌നങ്ങള്‍ പെയ്ത രാത്രിയില്‍,
ചിറകടിച്ചു ചിരാതുച്ചുറ്റിക്കറങ്ങുന്ന,
ചപലയായൊരീയാംപാറ്റ ....!!!

നിമിഷാര്‍ദ്ധത്തിന്‍റെ നാണയത്തുട്ടുകളുടെ
വിലപോലുമില്ലാത്ത ,
വെറുമൊരീയാംപാറ്റ ...!!!

കിനാവുകളുടെ പേമാരിയില്‍,
ചിരാതിന്‍റെ കരിന്തിരികള്‍ക്ക്,
കെട്ടടങ്ങുവാനിനിയെത്ര നാള്‍ കൂടി...???.




Wednesday, June 05, 2013

ആശംസകള്‍....

നിന്‍റെ ജീവവംശങ്ങളെ
ഞാനാണ് കൊന്നുതിന്നത്...

നിന്‍റെ അവസാനതുള്ളി നിണവും,
ഞാനാണ് വലിച്ചുകുടിച്ചത്....

നിന്‍റെ അവസാന ജീവസ്പന്ദനവും,
ഞാനാണ് വെട്ടിവിഴ്ത്തിയത്....

നിന്‍റെ ജീവശ്വാസത്തില്‍,
ഞാനാണ് വിഷപ്പുകയൂതിയത്...

എനിക്കിനി നിനക്കായി...
ഈ പരിസ്ഥിതി ദിനാശംസകള്‍ മാത്രം...!!!!!