ഡല്‍ഹിയുടെ തണുപ്പ് അയാളുടെ എല്ലുകളില്‍ കുത്തിക്കയറുന്നുണ്ടായിരുന്നു ....തണുത്തുറഞ്ഞ റൊട്ടി കക്ഷണങ്ങള്‍ ചുരുട്ടിപ്പിടിച്ചു കൈകളിലെ അവശേഷിച്ച ചൂടും അയാള്‍ അവയിലേക്കു കൈമാറി...
.....ഉണങ്ങിയ നെഞ്ചിന്‍കൂടുമായി കൂനിപ്പിടിച്ചിരിക്കുന്ന മകന്‍റെ കറുത്തുണങ്ങിയ മുഖം വിടറിപ്പോകുന്ന ഓരോ കാല്‍പ്പാടുകളിലും അയാളെ താങ്ങി നടത്തി...
മകന്‍...ചിലമ്പിപ്പായുന്ന ജനസമുദ്രങ്ങളുടെ ഇടയിലും അയാളെ തിരിച്ചറിയുന്ന ഒരേ ഒരാള്‍...രാവോളം റിക്ഷ വലിച്ചു തളര്‍ന്ന അയാളെയും കാത്തു ഇരുണ്ട ചേരിയിലെ പ്ലാസ്ടിക്കു ചാക്ക് മറച്ച വീട്ടില്‍ എന്നും ...കണ്ണിമ പൂട്ടാതെ....ഇരിക്കുന്ന മകന്‍...
.അയാളുടെ കൈകളില്‍ പൊതിഞ്ഞു വെച്ച, നേരിയ ചൂട് മാത്രം ബാക്കിയുള്ള 'സമൂസ'യുടെ ഗന്ധം അറിയുമ്പോള്‍ നേരിയ വെളിച്ചത്തിലും തിളങ്ങാറുള്ള അവന്‍റെ കണ്ണുകള്‍ ...ഉറക്കത്തില്‍ അയാളുടെ നെഞ്ചില്‍ തട്ടി തെറിച്ച അവന്‍റെ ചെറു നിശ്വാസങ്ങള്‍.... അതൊക്കെയായിരുന്നു വെറും ഒരു റിക്ഷായാന്ത്രം മാത്രമായ അയാളുടെ ജിവിതത്തിന്റെ അസ്ഥിത്വങ്ങള്‍ ...
ഇപ്പോള്‍ സമൂസകള്‍ വാങ്ങാന്‍ അയാള്‍ക്ക് കഴിയാറില്ല ..പണിപോയിട്ടു മാസം ഒന്നായിരിക്കുന്നു ...റിക്ഷകള്‍ സര്‍ക്കാര്‍ നിരോധിച്ചു.....വിദേശികള്‍ ഗയിംസ് കാണാന്‍ വരുന്നു...റിക്ഷകളിലെ വൃത്തികെട്ട ജീവിതങ്ങള്‍ അവരെ കാണിക്കാന്‍ പാടില്ലല്ലോ...?...."അതിഥി ദേവോ ഭവ..."..അമീര്‍ ഖാന്‍റെ പരസ്യം, വില്‍ക്കാന്‍ വെച്ചിരിക്കുന്ന ടെലിവിഷന്‍ സ്ക്രീനില്‍ നിന്ന് അയാളെ കൂവി വിളിച്ചു ........
ദൂരെ ചേരിയില്‍ ചലിക്കുന്ന വെളിച്ചങ്ങള്‍...അയാള്‍ അദ്ഭുതപ്പെട്ടു...ഇലക്ട്രിക് കമ്പികളില്‍ നിന്നും വെളിച്ചം കൂരകളിലേക്ക് ചോര്‍ത്തിയെടുക്കാറുണ്ടെങ്കിലും അവ ചലിക്കാറില്ലല്ലോ....
അടുക്കും തോറും അദ്ഭുതം ആശങ്കകള്‍ക്ക് വഴിമാറി.....അയാളുടെ നെഞ്ചിടിച്ചു..അതൊരു ബുള്‍ടോസറാണ്...ചേരിയിലെ കുടിലുകള്‍ അത് കശക്കിയെറിയുന്നു....
ശരിരം തളരുന്നതായി തോന്നി അയാള്‍ക്ക്.....തല കറങ്ങുന്നു...കൊടും തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചു...
ആരെയും കാണുന്നില്ല...മകനെ തിരഞ്ഞയാള്‍ പാഞ്ഞു നടന്നു....".ചോട്ടൂ... ചോട്ടൂ.."...അയാളുടെ ഇടറിയ ശബ്ദം ബുള്‍ടോസറിന്‍റെ ഞരക്കങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു....
പെട്ടന്നാണ് അയാളുടെ കാലുകള്‍ എന്തിലോ തട്ടി തടഞ്ഞത്...കുഞ്ഞു കൈവിരലുകള്‍...അയാള്‍ അലറി വിളിച്ചു...." ചോട്ടൂ... ചോട്ടൂ...."
അവന്‍ കേട്ടില്ല...
അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നു...എങ്കിലും അവ തിളങ്ങിയില്ല....
കേള്‍വിയുടെയും കാഴ്ചയുടെയും അതിരുകള്‍ അവന്‍ താണ്ടിപ്പോയിരിക്കുന്നു...
.....മകന്‍റെ തണുത്തുറഞ്ഞ ശരീരം ചുറ്റിപിടിച്ചയാള്‍ നെഞ്ചില്‍ ചേര്‍ത്തു..അയാളുടെ നെഞ്ചില്‍ തട്ടി തെറിക്കാന്‍ മാത്രം നിശ്വാസങ്ങള്‍ ഒന്നും അവനില്‍ ബാക്കിയുണ്ടായില്ല...
....ആരും തിരിച്ചറിയാനില്ലാത്ത അനേകരില്‍ ഒരാളായി അയാള്‍ മാത്രം ബാക്കി നിന്നു ...റൊട്ടി കഷ്ണങ്ങള്‍ മണ്ണില്‍ വിശന്നു കിടന്നു...
******************************************
ദൂരെ ഹോട്ടലിലെ എ സി മുറിയില്‍, റൂം ഹീറ്ററിന്റെ ചൂടില്‍ മൂടിപ്പുതച്ചു കിടന്നുകൊണ്ട് , ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിയില്‍ വരുമോയെന്ന് ഞാന്‍ ഉറക്കെ ചിന്തിച്ചു.....
.