Showing posts with label ശകലം. Show all posts
Showing posts with label ശകലം. Show all posts

Monday, January 04, 2016

ഗുരുവില്‍ ..


വാരിയെടുത്ത കുറെ പുസ്തകങ്ങളുടെ ഇടയില്‍ ഒരു പഴയ ഗുരുകുല മാസിക.
ചുളുങ്ങിയിട്ടുണ്ട്...
മടങ്ങിയിട്ടുമുണ്ട്....
ചില താളുകളില്‍ ചിതലിന്‍റെ ചിത്രമെഴുത്തുകള്‍ അക്ഷരങ്ങളെ കാര്‍ന്നുതിന്നിട്ടുമുണ്ട്...
പഴമയുടെ മണമുള്ള മഞ്ഞിച്ച താളുകളില്‍ അവിടെയിവിടെ അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടുമുണ്ട്…

എന്നും ചുളുങ്ങാത്തതും പുതിയതുമായ പുസ്തകങ്ങളെ മാത്രം തിരഞ്ഞുപോവാറുള്ളവനാണ്…
പുതുമയുടെ മണം കണ്ണടച്ചു ശ്വസിച്ചു നോക്കാറുള്ളവനുമാണ്…
ഒരുതാളെങ്കിലും ഒന്നുമടങ്ങിയാല്‍ അപ്പാടെ പുസ്തകം മാറ്റിവെക്കാറുള്ളവനുമാണ്..
എന്നിട്ടും…

കവര്‍പേജില്‍ ഗുരുനിത്യചൈതന്യയതി.
വിടരുവാന്‍ വെമ്പുന്ന പുഞ്ചിരി.
താടിയും മുടിയും നീട്ടിയ യുവാവായ ഗുരു...


ആ മന്ദസ്മിതം...
അതു മാത്രം മതിയായിരുന്നു പുതുമയുടെ ധാര്‍ഷ്ട്യങ്ങളെ മറക്കാന്‍..
പ്രകൃതിയോളം പഴക്കവും, പ്രകൃതിയോളം തന്നെ പുതുമയുമുള്ള ഗുരുവിന്‍റെ പുഞ്ചിരി…
അടക്കിപ്പിടിച്ചതും അടച്ചുവച്ചതും അപ്പാടെ തുറന്നു പോകുന്ന വിശാലത ..
മുറിവേറ്റു വരണ്ട മരുഭൂമികളില്‍ പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കുന്ന ഒരു നനുത്ത മഴ...

ഗുരുവിന്‍റെ വിയോഗത്തിനു ശേഷം പ്രസിദ്ധീകരിച്ച ലക്കമാണ്…
1999 ജൂണിലേതാണ്..
പക്ഷാഘാതം പിടിപെട്ടതിനു ശേഷം ജീവിതത്തിലേക്ക് പിച്ചവെച്ചു വരുന്ന ഗുരുവിന്‍റെ മനസ്സായിരുന്നു ഒരു ലേഖനത്തില്‍...
രോഗം നിഷ്പ്രഭനാക്കിയിട്ടും ഗുരു പരിഭവിച്ചിരുന്നില്ല.
അശേഷം തളര്‍ന്നുപോയ കൈകാലുകളില്‍ ചെറിയ ചലനങ്ങള്‍ മുളയ്ക്കുമ്പോള്‍ അതിലദ്ദേഹം പ്രപഞ്ചത്തിന്‍റെ പുഞ്ചിരി കണ്ടു…
തിരിച്ചുവരാന്‍ വെമ്പുന്ന ജീവന്‍റെ പേറ്റുനോവറിഞ്ഞു..

ജീവിതവും മരണവും അദ്വൈതിക്ക് ഒന്നാവുന്നു…
ജനിക്കുമ്പോള്‍ ജീവനോപ്പം മരണവും കൂടെ ജനിക്കുന്നു…
ക്ഷണിക്കാതെത്തുന്ന രംഗബോധമില്ലാത്ത അതിഥിയാവുന്നില്ല മരണം…
നടക്കുമ്പോള്‍ കൂടെ നടക്കുന്ന കൂട്ടുകാരനാവുന്നു മരണം…

അറിവില്ലായ്മകളുടെ അഗാധഗര്‍ത്തങ്ങളിലാണ് മനസ്സ്..
അഹന്തകളുടെ, ധാര്‍ഷ്ട്യങ്ങളുടെ ഒക്കെ അഗാധഗര്‍ത്തങ്ങള്‍…
അവിടങ്ങളില്‍ ഗുരു വെണ്മയുടെ പുഞ്ചിരിമുത്തുകള്‍ വാരിവിതറുന്നു...

വേദനകളും..
നരകളും…
ചുമകളും..
വിമ്മിഷ്ടങ്ങളും..
മുറിവുകളും..
ഒക്കെയുണ്ട്...
ഒക്കെയും കൂടെ നടക്കുന്ന മരണമെന്ന കൂട്ടുകാരന്‍റെ പരിഭവങ്ങളാവാമെന്നറിയുന്നു...
മരണം ഗുരു തന്നെയാവുന്നു…
അത് ജീവിതവുമാകുന്നു...

അഹന്തയുടെ തിമിരം വീണ്ടുമെന്നില്‍  പടരുമായിരിക്കാം..
എങ്കിലുമതുവരെ, ഈ അല്പനിമിഷങ്ങളില്‍ ഞാനാ  വെണ്മയൊന്നു രുചിച്ചോട്ടെ....

Wednesday, December 09, 2015

ഇരട്ടത്താപ്പ്...

അവര്‍ പറയുകയാണ്‌,
ക്വാറി മാഫിയ
സഹ്യന്‍റെ മാറില്‍ കഠാരയാഴ്ത്തുകയാണെന്ന്..
മണല്‍ മാഫിയ
നിളയുടെ നെഞ്ചു തുരന്നെടുക്കുകയാണെന്ന്...

അവര്‍ക്ക്  തെറ്റിയതാണ്..
ഒക്കെ ഞാനാണ്.

എന്‍റെ വീടിന്‍റെ തറയ്ക്ക് വേണ്ടിയാണ്
സഹ്യന്‍റെ ഹൃദയം പൊടിഞ്ഞത്‌...
എന്‍റെ വീടിന്‍റെ ചുമരുകള്‍ക്കു വേണ്ടിയാണ്
നിളയുടെ ആത്മാവ് വരണ്ടത്...


Monday, December 07, 2015

പിടച്ചില്‍

ചുമയാണ്…
നിര്‍ത്താതെ …
നെഞ്ചുംകൂടും കുടഞ്ഞു , അതിങ്ങനെ തകര്‍ക്കുകയാണ്..
ഓരോ ചുമയിലും ശ്വാസം, വഴികിട്ടാതെ വീര്‍പ്പുമുട്ടുന്നു…
കണ്ണുകള്‍, ചുവപ്പില്‍ നനയുന്നു..
വാരിയെല്ലുകളില്‍ വേദനയുടെ കൊളുത്ത് മുറുകുന്നു…
ഡല്‍ഹി ..
എന്നുമവള്‍  അങ്ങനെതന്നെയായിരുന്നു…
അലസയായി..
മൂടിക്കെട്ടിയ മുഖവുമായി…
ആഴ്ന്നിറങ്ങുന്ന തണുപ്പുമായി,
നിറംവിതറിയ ധൂപങ്ങളായി..
നെഞ്ചിലെക്കുള്ള ഇടവഴികളില്‍ അവള്‍ പതിയിരിക്കും…
വഴിതിരക്കിയെത്തുന്ന ശ്വാസകണങ്ങളെ ഞെരിച്ചമര്‍ത്തും..

യക്ഷിയാണവള്‍..
സുന്ദരിയായ യക്ഷി….

വായും തുറന്നു,
വെപ്രാളപ്പെട്ടു,
ശ്വാസം നീട്ടി വലിച്ചു ..
ജീവനെ പിടിച്ചു നിര്‍ത്താനായി ഞാന്‍ കിടന്നു പുളയും ...

അവളാകട്ടെ,
എന്നെയും നോക്കി ഉള്ളിലിരുന്നു ചിരിക്കും…
മുടിയഴിച്ചിട്ടു…
പൊട്ടിപ്പൊട്ടിച്ചിരിക്കും..
അവളുടെ ചിരികള്‍ , ചുമകളായി എന്നില്‍  വീണ്ടും നിറയും...
ഞാന്‍ കിടുങ്ങി വിറയ്ക്കും…

യക്ഷിയാണവള്‍…!!!

എന്നിട്ടും,
എനിക്കവളോടു പ്രണയമാണ്..
ഒടുങ്ങാത്ത പ്രണയം..
അല്ലെങ്കിലും ആര്‍ക്കാണ് യക്ഷികളെ പ്രണയിക്കാതിരിക്കാന്‍ കഴിയുക..??
എനിക്കാവില്ല, തീര്‍ച്ച…!!

ഓരോ  മഞ്ഞിലും
ഓരോ പൊടിയിലും
ഞാന്‍ അവള്‍ക്കായി  കാത്തിരിക്കും..
ഒരു ശ്വാസത്തിനപ്പുറത്തേക്കൊരു  വലിപ്പവും എനിക്കില്ലായെന്നു തെളിയിക്കുവാനായി…
വാരിവലിച്ചിട്ട കുപ്പായങ്ങള്‍ക്കുള്ളില്‍ സ്വയം മറക്കുമ്പോള്‍, പിടിച്ചുണര്‍ത്താനായി..

ചിതയില്‍  അവസാനം മാത്രം കത്തിയമരുന്നത് ഈ നെഞ്ചിന്‍കൂടാണെന്നു ഓര്‍മ്മിപ്പിക്കുവാനായി…
ഞാന്‍ അവള്‍ക്കായി വീണ്ടും കാത്തിരിക്കും.. എനിക്കറിയാം.. അവള്‍ വീണ്ടും വരുമെന്ന്... ചുമയായി... നോവായി.. കണ്ണീരായി.. ഒക്കെ.. നിശ്വാസങ്ങള്‍ നിലച്ചു, അവളുടെ നിറവില്‍ ഞാന്‍ ലയിക്കും വരെ അവള്‍ക്കു വരാതിരിക്കാനാവില്ല...!!!!


Thursday, November 26, 2015

വീട്...

ഒരു വീടുണ്ടായിരുന്നു....
വയലിന്‍റെ ഇങ്ങേ അറ്റത്ത്....
കുമ്മായക്കല്ലുകളില്‍ കെട്ടിയ...
പായലുപിടിച്ചു കറുത്ത ഓടുകളുള്ള...
മഴയത്ത് ചോരാറുള്ള ഒരു വീട്....

അതിന്‍റെ മുമ്പില്‍ , ഒരു കുഞ്ഞു ചാമ്പമരവും...

ആ വീട്ടിലെ പുകയടിച്ചു കറുത്ത അടുക്കളയില്‍,
കരിപുരണ്ട മുഖവുമായി അവന്‍റെ അമ്മ ,
പുകയൂതി വെച്ച...
കഞ്ഞിയും ചോറും അടയുമാണ്,
അവനെ അവനാക്കിയത്....

വീടിന്‍റെ പരുപരുത്ത തിണ്ണയില്‍...,
കുത്തിയിരുന്നവന്‍ ,
ഉറുമ്പുകളുടെ ജീവിതം കണ്ടു....
സ്വപ്‌നങ്ങള്‍ കണ്ടു...
കിനാവ് കണ്ടു...
ചിരിച്ചു ....
കരഞ്ഞു.....
ചിലപ്പോള്‍ കരഞ്ഞു കരഞ്ഞു
വടിവില്ലാത്ത അക്ഷരങ്ങള്‍ കുത്തി ക്കുറിച്ചു....

ആ ചാമ്പയുടെ ചോട്ടിലിരുന്നു അവന്‍,
ബാലരമയും പൂമ്പാറ്റയും വായിച്ചു...
എം ടിയെയും വിജയനെയും വായിച്ചു...
പദ്മനാഭന്റെ കഥകളില്‍ ജീവിച്ചു....
പെരുമ്പടവും....
മാര്‍ക്സും....
മാര്‍കെസും അവന്‍റെ കണ്ണുകളില്‍ ,
അക്ഷരകൂട്ടുകള്‍ എഴുതി....

ആ വീടിന്‍റെ മുറ്റത്താണ്,
അവന്‍ കവിത പാടി നടന്നത്...
ആ വീടിന്‍റെ മുട്ടത്താണ്,
അവന്‍ കുറ്റിയും കോലും കളിച്ചത്....

ആ വീടിന്‍റെ ഉമ്മറത്താണ്....
കശുവണ്ടി ചുട്ടു തന്ന അമ്മൂമ്മയും,
താരാട്ടുകള്‍ ഒത്തിരി പാടിത്തന്ന അപ്പൂപ്പനും,
അവസാനമായി കിടന്നുറങ്ങിയത്.....

ആ വീട്,
അവനിന്ന് പൊളിക്കുന്നു....
നാളെ
പുതിയ വീടിന്‍റെ പാലുകാച്ചാണ്....

ആ അവന്‍ , ഞാനാണ്.....
ആ വീട് ..
എന്‍റെ വീടും.....

(23.12.2012).

Friday, November 13, 2015

ബന്ധങ്ങള്‍


നേരെ എതിര്‍വശത്തിരുന്നത് അയാളാണ്...
മദ്ധ്യവയസ്കന്‍...
നരച്ചു,കഷണ്ടി കയറിയിരിക്കുന്നു...കണ്ണാടിക്കുള്ളിലൂടെ അയാളുടെ തിളങ്ങുന്ന കണ്ണുകള്‍, ട്രെയിന്‍ കടന്നുപോകുന്ന ദൂരങ്ങളെ പരതിക്കൊണ്ടിരുന്നു..ഞാനാവട്ടെ, അകാലവാര്‍ധക്യം അയാളുടെ മുഖത്തു വരുത്തിയ നിഴലുകളിലാഴ്ന്നിരുന്നു; അയാളറിയാതെ...

അയാള്‍ സംസാരിക്കുണ്ടായിരുന്നു..
ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലെക്കാണയാള്‍..ട്രെയിന്‍ ഇറങ്ങി വീണ്ടും എട്ടു മണിക്കൂര്‍ യാത്ര ...ബസ്സിലും, ജീപ്പിലും പിന്നെ നടന്നുമായി...കാടിനോട്‌ ചേര്‍ന്നാണത്രേ അയാളുടെ വീട്..

ഒഴുകുന്നപോലെയാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്...
നിര്‍ത്താതെ...
അതേസമയം ശാന്തമായി...
ചെവികൊടുക്കാന്‍ ആരുമില്ലാത്ത, വീര്‍പ്പുമുട്ടുന്നുന്ന ഒരാത്മാവാകുമോ അയാള്‍..??
അറിയില്ല...
അതിരുകളും മതിലുകളുമില്ലാത്ത അയാളുടെ നാട്...ഓടു മേഞ്ഞ അയാളുടെ വീട്...വീട്ടില്‍ അയാളെയും കാത്തിരിക്കുന്ന അമ്മ...അയാളില്ലെങ്കില്‍ പുല്ലു തിന്നാത്ത, ചുരത്താത്ത അയാളുടെ കറുമ്പിപ്പശു...
അങ്ങനെ..
അങ്ങനെ...
അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു...

ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി...
ഏതോ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്...എതിര്‍വശത്തെ സീറ്റില്‍ അയാളില്ല; ഞെട്ടിപ്പോയിരുന്നു..അയാളുടെ സഞ്ചിയും കാണാനില്ല.

ജനാലയിലൂടെ പരതി...
കണ്ടില്ല...
പുറത്തിറങ്ങി സ്റ്റേഷനിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നോക്കി..
ഇല്ല അയാളെ കണ്ടില്ല...

അയാള്‍ പോയിരിക്കുന്നു....!

ഞാന്‍ കിതച്ചിരുന്നു...ദേഷ്യവും സങ്കടവും വിയര്‍പ്പുകളായി എന്നിലോഴുകി..
അയാള്‍ ആരാണെനിക്ക്...??
കുറച്ചു മുമ്പു വരെ തീര്‍ത്തും അപരിചിതനായ ഒരാള്‍...
എന്നിട്ടും...
ഹൃദയം അടര്‍ത്തിമാറ്റിയപോലെ...
കണ്ണുകള്‍ നനഞ്ഞിരുന്നു..

.എന്താണിങ്ങനെ..?
അറിയില്ല...
ചിലപ്പോള്‍, ഞാനിങ്ങനെയൊക്കെയാണ്...


ഒഴിഞ്ഞ ആ സീറ്റില്‍ , അയാള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല ...ഒരു
പേരു പോലും....




Thursday, May 09, 2013

വായില്ലാക്കുന്ന്...!!!!


വിമര്‍ശനം കേട്ട്...

വിയര്‍ത്ത്..
വിളറിപിടിച്ചു...
വ്രണപ്പെട്ട്...
വിമര്‍ശിച്ചവരുടെ 
വാപോത്താനോടി....

ഒന്ന് പൊത്തിയപ്പോള്‍,
ഒരായിരം പിന്നേം 
ഒന്നിച്ചു വാ തുറന്നു...

സര്‍വശക്തനായ...
ദൈവമേ..
ഈ പ്രാക്രിതന്മാരായ,
വിമര്‍ശകരുടെ...
വായ്കള്‍...
എന്തെ നീ തുറന്നുകൊടുത്തു...??

വായില്ലാക്കുന്നില്‍ നിന്നും,
സ്വന്തം....




Wednesday, November 07, 2012

മരണം...!!!

അപ്പൂപ്പന്‍ മരിച്ചു..
അച്ഛന്‍ ഫെയ്സ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തു....
ചെറുമകന്‍ സ്റ്റാറ്റസ് 'ലൈക്‌' ചെയ്തു....
ചെറുമകള്‍ കമന്റി...
"റസ്റ്റ്‌ ഇന്‍ പീസ്‌, ഓള്‍ഡ്‌ ബോയ്‌......"..........!!!!"..!!!!"

അപ്പൂപ്പന്റെ ആത്മാവാകട്ടെ,
ഒരു ഫേസ്ബുക്ക് പേജിനായി,

ഗതികിട്ടാതെ ഗൂഗിളില്‍
അലഞ്ഞു നടന്നു.....!!!


പ്രവീണ്‍