Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, September 11, 2015

മോക്ഷം...!!

നിമിഷങ്ങള്‍ക്കൊരിക്കല്‍
നിശ്ചലമാവണം...!!

അന്ന്,
എണ്ണിപ്പകുത്തവയും
കൂട്ടിപ്പെരുപ്പിച്ചവയും
കണക്കിന്‍റെ
കളങ്ങളെ വിട്ടുപിരിയും..


അറിയാഞ്ഞിട്ടല്ല.

എങ്കിലുമതുവരെ ,
നിമിഷങ്ങളെണ്ണി
നിരര്‍ത്ഥകതയുടെ വേരുകള്‍
തേടെണ്ടതുണ്ട്...!
പൂജ്യങ്ങളുടെമേല്‍
പൂജ്യങ്ങള്‍
കൂട്ടിവെച്ചു
വിയര്‍ക്കേണ്ടതുണ്ട്...!
പാവക്കൂത്തിലെ
വിരലുകള്‍ക്കൊപ്പം
നൂലിന്‍റെയറ്റത്തു
ചലനമായി മാറേണ്ടതുണ്ട്...!

Wednesday, December 17, 2014

വിശുദ്ധം

കലാഷ്നിക്കൊവിന്‍റെ
വിശുദ്ധയുദ്ധത്തില്‍
ബാല്യത്തിന്‍റെ നാമ്പുകള്‍
കണ്ണുതുറിച്ചു പിടഞ്ഞു...


അടര്‍ന്നുപോയൊരു ,
പുസ്തകത്താളില്‍,
അറിവിന്‍റെ നീലമഷിക്കുമേല്‍
ദൈവം,
മരണത്തിന്‍റെ ചുവപ്പു കോരിയൊഴിച്ചു....

പാഠശാല,
പടക്കശാലയാക്കിയവരാകട്ടെ
വിശുദ്ധ പുസ്തകത്തിലേറി,
സ്വര്‍ഗത്തിലെ
അധ്യാപകരായി...

#പെഷവാറില്‍ പിടഞ്ഞുമരിച്ച ബാല്യങ്ങള്‍ക്ക്‌.... 

Saturday, November 08, 2014

വിഷാദത്തെ പ്രണയിക്കുന്ന ഒരാള്‍...


നീലിച്ചിരുണ്ട കാര്‍മേഘങ്ങള്‍
മൂടിക്കെട്ടിയ നിമിഷങ്ങളാണ്
വിഷാദത്തിന്‍റെ
നാള്‍വഴികളിലൊക്കെയും...
പക്ഷെ...
ഒരു നാള്‍ വരാറുണ്ട്..
പൂവിന്‍റെ
അവസാനത്തെ മഞ്ഞിന്‍കണത്തെയും
വീണ്ടും തിരിച്ചറിയാനാവുന്ന,
ഒരുനാള്‍..

അനന്തതയുടെ ആഴങ്ങള്‍
വീണ്ടും അളക്കുവാന്‍ വെമ്പുന്ന
ഒരുനാള്‍....

നെഞ്ചിന്‍കൂടു തകര്‍ത്ത് ഹൃദയം
വീണ്ടും മിടിക്കുവാന്‍ മടിക്കാത്ത
ഒരു നാള്‍....
വ്യാഴവട്ടത്തില്‍ മാത്രം,
വന്നെത്തുന്ന

ഒരുനാളിനു
വേണ്ടി മാത്രമാവാം
അയാള്‍ വിഷാദത്തെ പ്രണയിക്കുന്നത്‌..

Wednesday, May 21, 2014

മുറുക്കാന്‍പെട്ടി

മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
മനസ്സില്‍ മങ്ങിത്തുടങ്ങിയ
ചായാചിത്രങ്ങളിലെ
വല്ല്യമ്മച്ചിയുടെ മണമാണ്....

അമ്മ പറയാറുണ്ട്‌,
പണ്ട്...
മുറുക്കാന്‍ പെട്ടിയില്‍,
ചുണ്ണാമ്പും,
വെറ്റയും,
പാക്കും,
പാക്കുവെട്ടിയുമൊക്കെയുള്ളയൊരു
കാലത്ത്....
ഒരരഞ്ഞാണം മാത്രമണിഞ്ഞു,
മണ്ണിന്‍റെ മണമറിഞ്ഞു കരഞ്ഞപ്പോള്‍,
വല്ല്യമ്മച്ചിയുടെ
മുറുക്കാന്‍ചുണ്ടുകളുടെ മണം
കരഞ്ഞുനിറഞ്ഞയെന്‍റെ,
കവിളുകള്‍ അറിഞ്ഞതാണെന്നു...
ഓര്‍മ്മയില്ല...!!!

ഇന്ന്..
ചുണ്ണാമ്പില്ല....
വെറ്റയില്ല...
പാക്കുമില്ല....
പാക്കുവെട്ടിയുമില്ല....
എങ്കിലും,
മൂലക്കിരുന്നു ചിതലരിച്ച,
മുറുക്കാന്‍പെട്ടിക്കിന്നും,
പുകയൂതി കരുവാളിച്ച,
വിയര്‍ത്തു ക്ഷീണിച്ച,
എന്‍റെ വല്ല്യമ്മച്ചിയുടെ മണമാണ്.....

ഇപ്പോഴും,
അമ്മ പറയാറുണ്ട്‌,
നിനക്കിന്നും
വല്ല്യമ്മച്ചിയുടെ മണമാണെന്ന്...

അമ്മക്കറിയില്ലല്ലോ,
മകനിന്നും,
ആരുമറിയാതെ,
മുറുക്കാന്‍പെട്ടി,
മണക്കുന്നുണ്ടെന്ന്...

Sunday, May 11, 2014

അമ്മ


അമ്മ ...
എന്നിലെ ഓരോ ഇഞ്ചിലും കോണിലും..
എന്നിലെ ഓരോ നീണ്ട നിശ്വാസങ്ങളിലും...
എന്നും...
എന്നേക്കും...

അമ്മ..
എനിക്ക്....
ആഗോളവല്‍ക്കരിച്ചു,
പായ്ക്കറ്റിലാക്കിയ ഒരു കുപ്പിവെള്ളമല്ല....
ഒരു ദിവസം 
മാത്രം കുടിച്ചു കാലിയാക്കാന്‍....

വാര്‍ദ്ധക്യം...


കാലം മറന്നു പോയവര്‍...
അവര്‍ പലരുമിനിയും 
കാലത്തെ മറക്കാന്‍,
മറന്നുപോയിരിക്കുന്നു...!!!..
ചുക്കിചുളിഞ്ഞ ജീവിതങ്ങള്‍,
ഓര്‍മകളുടെ ഭാണ്ഡങ്ങള്‍
ചുമന്നു,
ചുമച്ചു,
വേദനിച്ചുരുളുന്നു ....!!!

അവര്‍..
അല്‍ഷിമേഴ്സ് മറന്നുപോയവര്‍...
അവരുടെ,
ഓര്‍മ്മകളെ മായ്ക്കാന്‍,
കാലം പണ്ടേ മറന്നിരുന്നു...!!!..
അവര്‍ ..
കാലം മറന്നുപോയവര്‍......


Wednesday, June 26, 2013

പ്രളയം...

യമുന പായുന്നു...!!!
കരകവിഞ്ഞുറഞ്ഞുതുള്ളി...
മണ്ണിന്‍റെ നിറവും
മണവുമാണവള്‍ക്കിന്ന്..!!!!

ആരുടെയോ ഓര്‍മ്മകള്‍,
പതിയിരുന്ന  മണ്ണിന്‍റെ...
ആരുടെയൊക്കെയോ സ്വപ്‌നങ്ങള്‍,
പൂത്തുവിരിഞ്ഞ  മണ്ണിന്‍റെ...

യമുന പായുന്നു വീണ്ടും ...!!!
പ്രകൃതിയെ കീഴടക്കിയ
നിഷ്ഫലതകളുടെ അര്‍ത്ഥമാനങ്ങള്‍ക്ക് നേരെ
അലറിവിളിച്ചു കൊണ്ട്..!!!
കേള്‍ക്കുവാനിനി,
ചെവികെട്ടിയടച്ച മനുഷ്യരും,
അവരുടെ ദൈവവും മാത്രം ബാക്കി.....:)




Wednesday, June 19, 2013

ഈയാംപാറ്റ...

ഞാനാരെന്നുപറയുവാന്‍ മാത്രവും
ഞാനാരെന്നറിയുവാന്‍ മാത്രവും,
ഞാനാരുമല്ലല്ലോ, സഖേ ....!!!

സ്വപ്‌നങ്ങള്‍ പെയ്ത രാത്രിയില്‍,
ചിറകടിച്ചു ചിരാതുച്ചുറ്റിക്കറങ്ങുന്ന,
ചപലയായൊരീയാംപാറ്റ ....!!!

നിമിഷാര്‍ദ്ധത്തിന്‍റെ നാണയത്തുട്ടുകളുടെ
വിലപോലുമില്ലാത്ത ,
വെറുമൊരീയാംപാറ്റ ...!!!

കിനാവുകളുടെ പേമാരിയില്‍,
ചിരാതിന്‍റെ കരിന്തിരികള്‍ക്ക്,
കെട്ടടങ്ങുവാനിനിയെത്ര നാള്‍ കൂടി...???.




Wednesday, June 05, 2013

ആശംസകള്‍....

നിന്‍റെ ജീവവംശങ്ങളെ
ഞാനാണ് കൊന്നുതിന്നത്...

നിന്‍റെ അവസാനതുള്ളി നിണവും,
ഞാനാണ് വലിച്ചുകുടിച്ചത്....

നിന്‍റെ അവസാന ജീവസ്പന്ദനവും,
ഞാനാണ് വെട്ടിവിഴ്ത്തിയത്....

നിന്‍റെ ജീവശ്വാസത്തില്‍,
ഞാനാണ് വിഷപ്പുകയൂതിയത്...

എനിക്കിനി നിനക്കായി...
ഈ പരിസ്ഥിതി ദിനാശംസകള്‍ മാത്രം...!!!!!

Sunday, May 26, 2013

ചിരി...

കടല്‍ത്തീരത്ത്‌ കോറിയിട്ട വാക്കുകള്‍പോലെ 
കാലത്തിന്‍റെ മണല്‍ത്തരികളില്‍, ഓര്‍മ്മകളും .......
രണ്ടിനും,
ഒരു തിരയുടെ ആയുസ്സ് മാത്രം....!!!

നിന്‍റെ നിശ്വാസങ്ങളെയും ....
നിന്‍റെ നിര്‍ബന്ധങ്ങ
ളെയും..
നിന്‍റെ വാക്കുകളെയും..നിന്‍റെ വേദനകളെയും....
ഒരുപക്ഷെ നിന്നെയെത്തന്നെയും,
തിരകള്‍ കൂട്ടിക്കൊണ്ടുപ്പോയേക്കാം....!!!!

എങ്കിലും സുഹൃത്തേ...
മറവിയുടെ ഗര്‍ത്തങ്ങള്‍ക്കെന്നും 
നിന്‍റെയൊരു ചിരിയുടെ ആഴം മാത്രം...!!!
നാല്‍ക്കവലയില്‍, 
നാളകളിലെന്നെങ്കിലും

നമ്മള്‍ കണ്ടുമുട്ടുകയെങ്കില്‍...
ചിരിക്കാന്‍ മറക്കരുതെ....!!!!

Monday, May 20, 2013

ജീവചരിത്രം....

മയിൽപ്പീലികൾക്കും 
മണമുണ്ടായിരുന്ന, ഒരു കാലം...
അന്നാണ്, 
അപ്പൂപ്പൻതാടികൾ പറക്കാൻ പഠിച്ചത്...
അന്നാണ്,
ഞാനും ജീവിച്ചിരുന്നത്.....!!!

ഡിമെന്‍ഷ്യ..


മഴ വന്നു ...

കാറ്റ് വന്നു...
മിന്നലു വന്നു....
ഞാനറിഞ്ഞില്ല ....!!!
ഒടുവിൽ ,
ജീവിതവും....!!!

Thursday, May 09, 2013

വായില്ലാക്കുന്ന്...!!!!


വിമര്‍ശനം കേട്ട്...

വിയര്‍ത്ത്..
വിളറിപിടിച്ചു...
വ്രണപ്പെട്ട്...
വിമര്‍ശിച്ചവരുടെ 
വാപോത്താനോടി....

ഒന്ന് പൊത്തിയപ്പോള്‍,
ഒരായിരം പിന്നേം 
ഒന്നിച്ചു വാ തുറന്നു...

സര്‍വശക്തനായ...
ദൈവമേ..
ഈ പ്രാക്രിതന്മാരായ,
വിമര്‍ശകരുടെ...
വായ്കള്‍...
എന്തെ നീ തുറന്നുകൊടുത്തു...??

വായില്ലാക്കുന്നില്‍ നിന്നും,
സ്വന്തം....




Monday, November 26, 2012

വസന്തത്തിന്‍റെ ഫറവോ....


പൂമ്പാറ്റയും പൂമ്പൊടിയും ഇല്ലാത്ത
കാലങ്ങള്‍ക്കുശേഷം, ഒരിക്കല്‍...
പൂക്കള്‍ വീണ്ടും വിരിഞ്ഞു...
അവയുടെ സുഗന്ധത്തില്‍
കണ്ണടച്ച് നില്‍ക്കെ,
നിങ്ങള്‍ പറഞ്ഞു...
"വസന്തം ..വന്നു...
  ജനങ്ങളുടെ വസന്തം....."

കോള്‍മയിര്‍ കൊണ്ടു....
കണ്ണീര്‍ പൊടിച്ചു,
മുഷ്ടി ചുരുട്ടി അലറി.....
"ജയിക്കട്ടെ ജനങ്ങള്‍......
തകരട്ടെ ഏകാധിപത്യകിരാതാന്മാര്‍......".."

അധികം കഴിഞ്ഞില്ല....
ഇലകള്‍ കൊഴിഞ്ഞു...
പൂക്കള്‍ വാടി....
പറന്നെത്തിയ പൂമ്പാറ്റകള്‍
ദുര്‍ഗന്ധം കൊണ്ടുവന്നു....

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു....
"വസന്തം...വന്നു വസന്തം...
 പുതിയ ഫറവോയുടെ വസന്തം..."


(സമര്‍പ്പണം : പുതിയ ഇജിപ്റ്റ് ഫറവോ മോര്‍സി ഒന്നാമന്....)




Friday, November 16, 2012

ഗാസയിലെ വെടിയൊച്ചകള്‍.... ..


നിസ്സഹായരുടെ ചോരകൊണ്ട്
തെരുവില്‍  പ്രളയക്കെടുതി...
ചോര കോരിക്കുടിച്ചു ദാഹം തീര്‍ക്കാന്‍,
കുരിശു യുദ്ധങ്ങളിലെ ചേകവന്മാര്‍.........



തെരുവിനപ്പുറവും,
തെരുവിനിപ്പുറവും,
മതങ്ങളുടെ ഗിനിപ്പന്നികള്‍,
കൊമ്പുകോര്‍ത്തു ചത്തു..

നൂറ്റാണ്ടുകളുടെ കണക്കുകള്‍,
കൂട്ടിയും കുറച്ചും,
ദൈവങ്ങള്‍ തീന്മേശക്ക് ചുറ്റുമിരുന്നു
തമാശ പറഞ്ഞു, വീഞ്ഞു കുടിച്ചു,..

ഗാസയില്‍ വെടിയോച്ചകള്‍ക്ക് മീതെയുയര്‍ന്ന
അമ്മമാരുടെ നിലവിളിയോച്ചകള്‍ കേട്ട് ,
മത്തുപിടിച്ച ദൈവങ്ങള്‍ കണ്ണടച്ചുറങ്ങി...!!!





Thursday, November 15, 2012

അനുഭവങ്ങള്‍....



സ്നേഹത്തിന്‍റെ വ്യാപ്തി അളക്കാന്‍ പോയവന്‍ ,
തിരുച്ചു വന്നത്,
മൈക്രോസ്കോപ്പുമായിട്ടാണ്...!!!!

സ്വര്‍ഗം തേടി പോയവന്‍,
തിരിച്ചു വന്നത്,
നിത്യാഗ്നിയിലെറ്റ പൊള്ളലുമായാണ്...!!



നന്മ തേടി പോയവന്‍,
തിരിച്ചു വന്നത്,
തുന്നിക്കെട്ടിയ ഹൃദയവുമായാണ്.....!!!

അറിവ് തേടി പോയവന്‍ ,
തിരിച്ചു വന്നത്
സ്ലയ്റ്റും  മഷിത്തണ്ടുമായാണ്.....!!!

എന്നെ തിരക്കിപ്പോയ ഞാന്‍,
തിരിച്ചു വന്നത്,
ഞാനില്ലാതെയാണ്......!!!



Wednesday, November 07, 2012

മരണം...!!!

അപ്പൂപ്പന്‍ മരിച്ചു..
അച്ഛന്‍ ഫെയ്സ്ബുക്കില്‍ അപ്ഡേറ്റ് ചെയ്തു....
ചെറുമകന്‍ സ്റ്റാറ്റസ് 'ലൈക്‌' ചെയ്തു....
ചെറുമകള്‍ കമന്റി...
"റസ്റ്റ്‌ ഇന്‍ പീസ്‌, ഓള്‍ഡ്‌ ബോയ്‌......"..........!!!!"..!!!!"

അപ്പൂപ്പന്റെ ആത്മാവാകട്ടെ,
ഒരു ഫേസ്ബുക്ക് പേജിനായി,

ഗതികിട്ടാതെ ഗൂഗിളില്‍
അലഞ്ഞു നടന്നു.....!!!


പ്രവീണ്‍

Sunday, November 04, 2012

യാത്ര

യാത്ര,
ലക്ഷ്യത്തിലേക്കാവണമെന്നു
സമൂഹം...

യാത്ര,
ലക്ഷ്യമന്വേഷിക്കാനാണെന്നു
ഗുരു....

യാത്ര,
ലക്ഷ്യമില്ലാത്തതാണെന്നു ,
സ്വയം....

യാത്രയ്ക്കിടയില്‍,
ഒരിക്കല്‍,
തിരിച്ചറിവിന്‍റെ നാമ്പുകള്‍
പൊട്ടി മുളച്ചപ്പോളറിഞ്ഞു,

"യാത്ര
 മാത്രമാണ്,
 ലക്‌ഷ്യം..."

Friday, November 02, 2012

ചൂട്....


ചിരിക്കാന്‍ മറന്നുപോയ
ബാല്യത്തിന്‍റെ ചൂടേറ്റിട്ടാവാം,
ഇന്നും ,
ഈ തണുപ്പത്തും...
വിറയ്ക്കാതിരിക്കുന്നത്.....!!!!

ഓര്‍മകളോട് നന്ദിയുണ്ട്...
വെയിലത്ത്‌ വാടാതെ,
വേണ്ടുവോളമീ
കണ്ണീരിന്‍റെ ചൂട് ,
കനല് പോവാതെ കാത്തുവെച്ചതിന്....

കൂട്ടുകാരി,
നീ പേടിക്കണ്ട..
ആരും..
ഇന്നേ വരെ...
ഈ തണുപ്പത്ത്...
ചൂടേറ്റ് ചത്തിട്ടില്ല....!!!

Wind..

Why again when the wind blows,
I keep my windows closed.....

Why again when there is nothing in air,
I open my windows....

May be, I like to 
Long for wind..
Than..
Being in the wind..